സൗത്ത് വെസ്റ്റ് ലണ്ടനിലെ കിംഗ്സ്റ്റണ്‍ അപ്പോണ്‍ തെയിംസിലുള്ള സര്‍ബിറ്റണ്‍ സ്‌റ്റേഷനില്‍ കെമിക്കല്‍ അക്രമണം നടത്തിയ സംഭവത്തില്‍ 14, 16 വയസുകാരായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. അക്രമത്തിന് ഇരയായ രണ്ട് പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈകുന്നേരം 4.20-ഓടെയാണ് സംഭവങ്ങള്‍ അരങ്ങേറിയത്. രണ്ട് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് ഓഫീസര്‍മാരാണ് അക്രമത്തിന് ഇരകളായത്. സംശയാസ്പദമായി പെരുമാറിയ രണ്ട് കൗമാരക്കാര്‍ക്ക് സമീപം എത്തിയപ്പോഴായിരുന്നു അത്.
ആല്‍ക്കലൈന്‍ പോലുള്ള പദാര്‍ത്ഥമാണ് ഇവര്‍ക്ക് നേരെ എറിഞ്ഞതെന്നാണ് കരുതുന്നത്. ഓഫീസര്‍മാരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കുകള്‍ ഗുരുതരമല്ല. കെമിക്കല്‍ പദാര്‍ത്ഥം കൈവശം വെച്ചതിന് 14, 16 വയസ്സുള്ള രണ്ട് കൗമാരക്കാരായ ആണ്‍കുട്ടികളെയാണ് അറസ്റ്റ് ചെയ്തത്.
16-കാരനെയും ജാഗ്രതയുടെ ഭാഗമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് താല്‍ക്കാലികമായി സ്റ്റേഷന്‍ അടച്ചിരുന്നു. ഇതിന് ശേഷം തുറന്നതായി പോലീസ് വ്യക്തമാക്കി.