ലണ്ടന്‍ : പ്രാണിപഠനശാസ്ത്രത്തില്‍ (എന്റമോളജി) 1.75 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പോടെ ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജില്‍ (യുസിഎല്‍) 4 വര്‍ഷത്തെ ഗവേഷണത്തിനു മലയാളി പെണ്‍കുട്ടി. കണ്ണൂര്‍ എടത്തൊട്ടിയിലെ ഫെമി ബെന്നിയാണ് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ സ്‌കോളര്‍ഷിപ്പ് നേടിയത്. വിവിധ ഗവേഷണങ്ങള്‍ക്കായി ആയിരക്കണക്കിന് അപേക്ഷകരില്‍നിന്ന് 40 പേരെയാണ് യുസിഎല്‍ തിരഞ്ഞെടുക്കുക. ഇതില്‍ ഏക മലയാളിയാണ് ഫെമി. കടന്നലുകളുടെ ജൈവവൈവിധ്യം സംബന്ധിച്ച 'ഇക്കോളജി ആന്‍ഡ് ബിഹേവിയര്‍' എന്നതിലാണ് സ്‌പെഷലൈസേഷന്‍.
കര്‍ഷകദമ്പതികളായ എഴുത്തുപള്ളിക്കല്‍ ബെന്നിയുടെയും ഗ്രേസിയുടെയും മകളാണ് ഫെമി. റബര്‍ത്തോട്ടത്തില്‍ നിറയെ തേനീച്ചപ്പെട്ടികളുണ്ട്. ''റാണിയീച്ചയെ അപ്പ കയ്യിലെടുക്കുന്നതും അതിനുചുറ്റും തേനീച്ചകള്‍ കൂട്ടത്തോടെ പറക്കുന്നതും മറ്റും കണ്ടാണു വളര്‍ന്നത്. അതുകൊണ്ട് കുട്ടിക്കാലത്തുതന്നെ പ്രാണികളോടുള്ള പേടി പോയിക്കിട്ടി; പിന്നെ അവയെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള കൗതുകമായി'' - ഫെമി പറയുന്നു. പഠനമേഖല തിരഞ്ഞെടുക്കാന്‍ സഹായിച്ചത് ഈ കൗതുകം തന്നെ. കോഴിക്കോട് പ്രോവിഡന്‍സ് കോളജില്‍നിന്ന് സുവോളജിയില്‍ ബിരുദവും കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് അപ്ലൈഡ് സുവോളജിയില്‍ (എന്റമോളജി) ഒന്നാം റാങ്കോടെ എംഎസ്‌സിയും. ജെആര്‍എഫ് നേടി ബെംഗളൂരുവിലെ അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച് ഇന്‍ ഇക്കോളജി ആന്‍ഡ് എന്‍വയണ്‍മെന്റില്‍ (എടിആര്‍ഇഇ) ഗവേഷണം നടത്തുമ്പോഴാണ് സ്‌കോളര്‍ഷിപ് കിട്ടിയത്.
ഇന്റര്‍നെറ്റിലും ജേണലുകളിലും കുറെ തിരഞ്ഞാണ് കടന്നലുകളെക്കുറിച്ചുള്ള (വാസ്പ്) ഗവേഷണത്തില്‍ പേരുകേട്ട, യുസിഎലിലെ ഡോ.സിറിയന്‍ സംനറിലേക്കെത്തിയത്. ഏഷ്യന്‍ ജയന്റ് ഹോണറ്റ് എന്ന കടന്നലിനെക്കുറിച്ച് പഠിക്കാനുള്ള താല്‍പര്യവും മനസ്സിലുള്ള ആശയങ്ങളുമെല്ലാം അറിയിച്ച് ഇമെയില്‍ അയച്ചു. വൈകിയാണെങ്കിലും അനുകൂല മറുപടി കിട്ടി. പിന്നെ മുന്നിലുണ്ടായിരുന്നത് 2 കടമ്പകള്‍. ഒന്ന്, യുസിഎലിലെ ജനറ്റിക്‌സ് എവലൂഷന്‍ ആന്‍ഡ് എന്‍വയണ്‍മെന്റ് ഡിപ്പാര്‍ട്‌മെന്റിലേക്ക് ഗവേഷണത്തിന് അപേക്ഷിക്കണം. വിശദപരിശോധനകള്‍ക്കും ഓണ്‍ലൈന്‍ അഭിമുഖത്തിനും ശേഷമാണ് ഷോര്‍ട്ലിസ്റ്റ് ചെയ്യുക. ഫെമിയുടെ ഗവേഷണതാല്‍പര്യം ബോധ്യപ്പെട്ട ഡിപ്പാര്‍ട്‌മെന്റ് ഓകെ പറഞ്ഞു. സ്‌കോളര്‍പ്പിനുള്ള അപേക്ഷ നേരിട്ട് യൂണിവേഴ്‌സിറ്റിക്കു നല്‍കുകയാണ് രണ്ടാമത്തെ കടമ്പ.
ഗവേഷണ ലക്ഷ്യം സംബന്ധിച്ച വിശദമായ കുറിപ്പ്, മാര്‍ക്ക് ലിസ്റ്റുകള്‍, ഐഇഎല്‍ടിഎസ് യോഗ്യത, മറ്റു രേഖകള്‍ എന്നിവയെല്ലാം സഹിതമാണ് അപേക്ഷിക്കേണ്ടത്. ഡിപ്പാര്‍ട്‌മെന്റിന്റെ പച്ചക്കൊടി ലഭിച്ചിരുന്നതിനാല്‍ ആ കടമ്പയും വെല്ലുവിളിയായില്ല. ഇതിനൊക്കെക്കൂടി ആകെ ചെലവായത് ഫോണ്‍ ഡേറ്റാ ചാര്‍ജ് മാത്രമാണെന്നു ഫെമി പറയുന്നു. ഇടയ്ക്ക് യുസിഎല്‍ നേരിട്ടു വിവിധ പ്രോജക്ടുകളില്‍ ഗവേഷണ സഹായികളെ ക്ഷണിക്കാറുണ്ട്. അവരുടെ വെബ്‌സൈറ്റിലെ നോട്ടിഫിക്കേഷന്‍ നോക്കി നേരിട്ട് അപേക്ഷിക്കുകയുമാകാം.അശോകയിലെ ഗവേഷണകാലത്ത് ഫെമി മണിപ്പുര്‍, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ പ്രദേശവാസികള്‍ കഴിക്കുന്ന പ്രാണികളെക്കുറിച്ചു പഠിച്ചു.