ലണ്ടന്‍: യുകെയില്‍ എത്തുന്ന മലയാളികളുടെ അടക്കം ആദ്യ ലക്‌ഷ്യം ഡ്രൈവിങ് ലൈസന്‍സ് ആണ്. വലിയ കടമ്പയാണ് ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാന്‍ വേണ്ടത്. എന്നാല്‍ അശ്രദ്ധയും വീഴ്ചയും സംഭവിച്ചാല്‍ ഡ്രൈവിങ് ലൈസന്‍സ് കിട്ടിയതിനേക്കാള്‍ വേഗത്തില്‍ പോകും. പിന്നെ തിരിച്ചു കിട്ടണമെങ്കില്‍ ശിക്ഷ കാലാവധി കഴിഞ്ഞ് വീണ്ടും ആദ്യം മുതല്‍ തിയറി- പ്രാക്ടിക്കല്‍ ടെസ്റ്റുകള്‍ എഴുതണം.
ഒരാള്‍ക്ക് ലൈസന്‍സ് കിട്ടിക്കഴിഞ്ഞ് രണ്ടു വര്‍ഷത്തിനിടയില്‍ ആറ് പിഴ പോയിന്റ് ലഭിച്ചാല്‍ ആണ് ഓട്ടോമാറ്റിക്കലി ലൈസന്‍സ് റദ്ദാവുക. ഒരു തവണ മൊബൈല്‍ ഫോണില്‍ സംസാരിച്ച് വണ്ടി ഓടിച്ച് പിടിക്കപ്പെട്ടാല്‍ തന്നെ ആറ് പോയിന്റ് ആവും. സ്പീഡിങ് അടക്കമുള്ളവ രണ്ടു തവണ തെറ്റിച്ചാല്‍ ആറ് പോയിന്റ് തികയും. സാധാരണ കുറ്റങ്ങള്‍ക്ക് മൂന്ന് പോയിന്റ് ആണ് പിഴയെങ്കില്‍ ചില കുറ്റങ്ങള്‍ക്ക് ആറും ഒന്‍പതുമൊക്കെ പിഴ പോയിന്റ് ലഭിക്കാറുണ്ട്.
നിയമങ്ങള്‍ കര്‍ശനമാക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തതോടെ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പോലുള്ള കുറ്റങ്ങള്‍ക്ക് ലൈസന്‍സ് നഷ്ടപ്പെടുന്നവരുടെ എണ്ണം കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായതായി കണക്കുകള്‍ പറയുന്നു. 2022 ല്‍ 591 പേരുടെ ലൈസന്‍സുകള്‍ റദ്ദാക്കിയപ്പോള്‍ 2023 ല്‍ അത് 1046 ആയി ഉയര്‍ന്നു എന്ന് ഡി വി എല്‍ എ യുടെ കണക്കുകള്‍ കാണിക്കുന്നു. 2024 ല്‍ ഇതുവരെ 918 ഡ്രൈവര്‍മാര്‍ക്കാണ് ലൈസന്‍സ് നഷ്ടമായിരിക്കുന്നത്.
ലൈസന്‍സ് എടുത്ത് രണ്ട് വര്‍ഷക്കാലത്തിനിടയില്‍ ആറ് പെനാല്‍റ്റി പോയിന്റുകളില്‍ അധികം നേടിയവര്‍ക്കാണ് അധികവും ലൈസന്‍സ് നഷ്ടമായിരിക്കുന്നത്. ഡി വി എല്‍ എ യുടെ നിയമമനുസരിച്ച്, ലൈസന്‍സില്‍ ആറ് പെനാല്‍റ്റി പോയിന്റുകള്‍ ലഭിച്ചാല്‍ ലൈസന്‍സ് സ്വമേധയാ റദ്ദാകും. ഇത്തരത്തില്‍ ലൈസന്‍സ് റദ്ദായാല്‍, അയോഗ്യത കല്‍പ്പിക്കപ്പെടുന്ന കാലാവധി കഴിഞ്ഞതിന് ശേഷം ഇവര്‍ ഡ്രൈവിംഗ് ടെസ്റ്റിന്റെ തിയറി- പ്രാക്റ്റിക്കല്‍ ടെസ്റ്റുകള്‍ വീണ്ടും പാസ്സായാല്‍ മാത്രമെ ലൈസന്‍സ് ലഭിക്കുകയുള്ളു.
നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കിയതോടെയാണ് വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് പിടിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത്. പുതിയ ഡ്രൈവര്‍മാരോട് ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഡി വി എല്‍ എ സ്വീകരിക്കുന്നത്. ഫോണ്‍, സാറ്റ് നാവ്, ടാബ്ലറ്റ് എന്നിവ പോലുള്ള കണക്റ്റഡ് ഡിവൈസുകള്‍ ഡ്രൈവിംഗ് സമയത്ത് ഉപയോഗിച്ചാല്‍ കനത്ത ശിക്ഷയായിരിക്കും നേരിടേണ്ടി വരിക.
ഈ സീറോ ടോളറന്‍സ് നയവും, കുറ്റം ചെയ്തവരുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമമനുസരിച്ച്, ഒരു ഹാന്‍ഡ് ഹെല്‍ഡ് മൊബൈല്‍ ഫോണ്‍, വാഹനമോടിക്കുമ്പോള്‍ ഒരു തരത്തിലും ഉപയോഗിക്കാന്‍ പാടില്ല. സ്‌ക്രീനില്‍ വെളിച്ചം തെളിയിക്കുക, അറിയിപ്പുകള്‍ പരിശോധിക്കുക, ഡിവൈസ് അണ്‍ലോക്ക് ചെയ്യുക തുടങ്ങി എല്ലാ നടപടികളും ഈ നിയമത്തിന്‍ കീഴില്‍ നിരോധിച്ചിട്ടുണ്ട്.
നിയമം ലംഘിക്കുന്നവര്‍ക്ക് 200 പൗണ്ടിന്റെ പിഴയായിരിക്കും ആദ്യം വിധിക്കുക. പിന്നീട് ഓരോ തവണ കുറ്റം ആവര്‍ത്തിക്കപ്പെടുമ്പോഴും പിഴ വര്‍ധിക്കും. ആറ് തട്ടുകളിലായാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, ഇത് ഡ്രൈവിംഗ് ലൈസന്‍സ് എടുത്ത് രണ്ട് വര്‍ഷം കഴിഞ്ഞവര്‍ക്ക് മാത്രമാണ്. പുതിയ ഡ്രൈവര്‍മാരുടെ ലൈസന്‍സ് ഉടനടി റദ്ദ് ചെയ്യപ്പെടും.