ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റികളില്‍ ഫീസ് വര്‍ധിപ്പിച്ച സര്‍ക്കാരിന്റെ നടപടികളില്‍ പ്രചോദനം ഉള്‍ക്കൊണ്ട് വെയില്‍സ് സര്‍ക്കാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാമതും യൂണിവേഴ്സിറ്റി ട്യൂഷന്‍ ഫീസ് കൂട്ടുന്നു.
2025 സെപ്റ്റംബര്‍ മുതല്‍ വെയില്‍സിലെ യൂണിവേഴ്സിറ്റികളില്‍ ട്യൂഷന്‍ ഫീസ്, ഏകദേശം 300 പൗണ്ട് വര്‍ധിച്ച് 9,535 പൗണ്ടിലെത്തും. ഏറെ ക്ലേശകരമായ ഒരു തീരുമാനമാണിതെന്നും എന്നാല്‍, ഒഴിവാക്കാന്‍ പറ്റാത്തതാണെന്നും വെയില്‍സ്, തുടര്‍- ഉന്നത വിദ്യാഭ്യാസ മന്ത്രി വിക്കി ഹോവെല്‍സ് പറഞ്ഞു.
യൂണിവേഴ്സിറ്റികളില്‍ മുന്‍കൂറായി അടയ്ക്കേണ്ട തുകയില്‍ ഈ നിയമം വഴി വര്‍ധനവ് ഉണ്ടാവുകയില്ലെന്നും അവര്‍ പറഞ്ഞു. അതുപോലെ ബിരുദത്തിനു ശേഷമുള്ള പ്രതിമാസ തിരിച്ചടവുകളും വര്‍ദ്ധിക്കില്ല. അണ്ടര്‍ ഗ്രാജ്വേറ്റുകള്‍ക്കുള്ള മെയിന്റനന്‍സ് സപ്പോര്‍ട്ടില്‍ ഒരു 1.6 ശതമാനത്തിന്റെ വര്‍ദ്ധനവും പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ്ഗ്രാജ്വേറ്റ് പഠനങ്ങള്‍ക്കുള്ള പരമാവധി സഹായവും 1.6 ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ആശ്രിതരുള്ള വിദ്യാര്‍ത്ഥികള്‍ക്കും, അതുപോലെ ഭിന്നശേഷിയുള്ളവര്‍ക്കുമുള്ള ഗ്രാന്റിലും സമാനമായ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്.
കടുത്ത മത്സരം ഉയരുന്ന സാഹചര്യത്തില്‍ വെയില്‍സിലെ ഉന്നത വിദ്യാഭ്യാസ രംഗം യു കെയിലെ മറ്റ് അംഗരാജ്യങ്ങളിലേതിനോട് കിടപിടിക്കുന്നതാക്കുവാന്‍ ഫീസ് വര്‍ദ്ധനവ് അനിവാര്യമാണെന്നാണ് ഹോവെല്‍സ് പറയുന്നത്. ഈ ചെറിയ വര്‍ദ്ധനവ് ആരെയും വെയില്‍സില്‍ പഠനം നടത്തുന്നതില്‍ നിന്നും പിന്തിരിപ്പിക്കില്ലെന്ന് ഉറപ്പുണ്ടെന്നും അവര്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തെ സഹായിക്കുന്നതിനായി 20 മില്യന്‍ പൗണ്ടിന്റെ അധിക ധനസഹായം ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.