പ്രമുഖ മാസ്റ്റര്‍ഷെഫ് അവതാരകന്‍ ഗ്രെഗ് വാലസ് തന്നെ ലൈംഗീകമായി ഉപദ്രവിച്ചതായി വെളിപ്പെടുത്തി അദ്ദേഹത്തിന്റെ ആത്മകഥ എഴുതി നല്‍കിയ ഷാനന്‍ കൈല്‍. 2012ല്‍ അദ്ദേഹത്തിന്റെ ആത്മകഥയായ ലൈഫ് ഓണ്‍ എ പ്ലേറ്റിന്റെ രചനക്കിടെയാണ് നിരവധി തവണ അദ്ദേഹം മോശമായി പെരുമാറിയതെന്ന് ഷാനന്‍ വ്യക്തമാക്കിയിരിക്കുന്നത്.
താന്‍ വാതിലില്‍ മുട്ടിയപ്പോള്‍ ഒരു ടവല്‍ മാത്രം ധരിച്ച് തനിക്ക് മുമ്പിലെത്തുകയും പിന്നീട് അതും നീക്കി തനിക്ക് മുമ്പില്‍ നഗ്നത പ്രദര്‍ശിപ്പിച്ചതായി ഷാനന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. എന്നാല്‍ അത്തരമൊരു മോശമായ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് ഗ്രെഗ് വാലസിനെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ആത്മകഥ എഴുതിയിരുന്ന 2012 മേയ് മുതല്‍ ആഗസ്ത് വരെയുള്ള കാലയളവില്‍ വാലസ് തന്റെ ലൈംഗീകജീവിതത്തെ കുറിച്ചു പറഞ്ഞു. അദ്ദേഹത്തോടൊപ്പം സ്‌പോര്‍ട്‌സ് യാത്ര ചെയ്ത സമയത്ത് പാസഞ്ചര്‍ സീറ്റില്‍ ഇരിക്കുമ്പോള്‍ വാലസ് അനുചിതമായി തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചതായും കൈല്‍ വ്യക്തമാക്കി.
ബര്‍മിങ്ഹാമില്‍ നടന്ന ഗുഡ് ഫുഡ് ഷോയില്‍ പങ്കെടുത്ത സമയത്തും അദ്ദേഹം മോശമായി പെരുമാറിയെന്ന് എഴുത്തുകാരി പറഞ്ഞു. എന്നാല്‍ ആരോപണം നിഷേധിച്ച് വാലസിന്റെ അഭിഭാഷകന്‍ രംഗത്തുവന്നു.
നിരവധി സ്ത്രീകള്‍ ഇദ്ദേഹത്തിനെതിരെ രംഗത്തുവന്ന സാഹചര്യത്തില്‍ കഴിഞ്ഞാഴ്ച മാസ്റ്റര്‍ഷെഫില്‍ നിന്നും അദ്ദേഹം മാറി നില്‍ക്കുകയാണെന്ന് ഷോ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞാഴ്ച വാലസിന്റെ പെരുമാറ്റത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ പുറത്തുവന്ന ശേഷം ബിബിസി തങ്ങളുടെ മാസ്റ്റര്‍ഷെഫ് ക്രിസ്മസ് സ്‌പെഷ്യല്‍ എപിസോഡുകള്‍ പിന്‍വലിച്ചു, സ്വതന്ത്ര അന്വേഷണത്തിന് പ്രൊഡക്ഷന്‍ കമ്പനിയും ഉത്തരവിട്ടിട്ടുണ്ട്.