ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനില്‍ നിന്നുള്ള 19 വയസുകാരനായ ഇദ്രിസ് ഖയൂമിന്റെ അവസാന നിമിഷങ്ങള്‍ വീഡിയോ കോളില്‍ കണ്ടതിന്റെ നടുക്കത്തിലാണ് കുടുംബം. തുര്‍ക്കിയിലെ അന്റാലിയയില്‍ ഹോട്ടല്‍ റസ്റ്ററന്റില്‍ നിന്ന് കഴിച്ച പലഹാരത്തില്‍ നിന്ന് മാരകമായ അനാഫൈലക്റ്റിക് ഷോക്ക് ഉണ്ടായതാണ് മരണകാരണം. നിലക്കടല അലര്‍ജിയുണ്ടായിരുന്ന ഇദ്രിസ്, ഹോട്ടല്‍ ജീവനക്കാരോട് മൂന്ന് തവണ അലര്‍ജിയെക്കുറിച്ച് അന്വേഷിച്ചിരുന്നു. ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍ ഉപയോഗിച്ച് അഭ്യര്‍ഥന ആവര്‍ത്തിച്ചിട്ടും, കഴിക്കാന്‍ സുരക്ഷിതമാണെന്ന് ജീവനക്കാര്‍ ഉറപ്പ് നല്‍കിയതായി കുടുംബം പറയുന്നു.
എന്നാല്‍, പലഹാരം കഴിച്ച് നിമിഷങ്ങള്‍ക്കകം ഇദ്രിസിന് ഛര്‍ദിയും ശ്വാസതടസ്സവും അനുഭവപ്പെട്ടു. സുഹൃത്ത് അടിയന്തിരമായി വീഡിയോ കോളില്‍ അമ്മ ആയിഷ ബാത്തിയയെ വിളിച്ചു. മകന്റെ അവസാന നിമിഷങ്ങള്‍ക്ക് അമ്മയും സഹോദരിയും സാക്ഷ്യം വഹിക്കേണ്ടി വന്നു. എമര്‍ജന്‍സി ജീവനക്കാരോട് എപ്പിപെന്‍ നല്‍കാന്‍ അവര്‍ ആവശ്യപ്പെട്ടെങ്കിലും 25 മിനിറ്റിനുള്ളില്‍ ഇദ്രിസിന്റെ ഹൃദയം നിലച്ചു. നിലക്കടല ചേര്‍ത്ത പലഹാരമാണ് ജീവനക്കാര്‍ യുവാവിന് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് ട്രാവല്‍ ഏജന്‍സിക്കെതിരെ കുടുംബം നിയമനടപടി ആരംഭിച്ചിട്ടുണ്ട്.
ഭക്ഷണ അലര്‍ജിയെക്കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ നല്‍കുന്നതില്‍ ഏജന്‍സിയും അവരുടെ വിതരണക്കാരും പരാജയപ്പെട്ടുവെന്നും ഇദ്രിസിനെ തെറ്റിദ്ധരിപ്പിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. അലര്‍ജിയെക്കുറിച്ചും ഭക്ഷ്യസുരക്ഷയെക്കുറിച്ചും കമ്പനി ജീവനക്കാര്‍ക്ക് മതിയായ പരിശീലനം നല്‍കിയില്ലെന്നും കുടുംബം അഭിപ്രായപ്പെട്ടു.