പുഷ്പ 2 പ്രീമിയര്‍ ഷോ കാണാനെത്തിയ യുവതി തിക്കിലും തിരക്കിലുംപെട്ട് മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരെ കേസ്. ഹൈദരാബാദിലെ സന്ധ്യ തിയറ്ററില്‍ അല്ലു എത്തിയതിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലുംപെട്ടായിരുന്നു രേവതി എന്ന 35കാരി മരിച്ചത്. നേരത്തേ തിയറ്റര്‍ മാനേജര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അല്ലു അര്‍ജുനേയും കേസില്‍ പ്രതി ചേര്‍ത്തത്.
പുഷ്പ 2 പ്രീമിയര്‍ ഷോ കാണാന്‍ സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദിനൊപ്പം അല്ലു അര്‍ജുന്‍ സന്ധ്യ തിയറ്ററില്‍ എത്തുകയായിരുന്നു. അല്ലു അടക്കമുള്ളവര്‍ തിയറ്റര്‍ സന്ദര്‍ശിക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നില്ലെന്ന് ഹൈദരാബാദ് പൊലീസ് അറിയിച്ചു. അഭിനേതാക്കള്‍ക്ക് പ്രവേശിക്കാനും തിരികെ പോകാനും പ്രത്യേക പ്രവേശന വാതില്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.
അല്ലു അര്‍ജുന്റെ കടുത്ത ആരാധകനായിരുന്ന മകന്‍ തേജിന്റെ നിര്‍ബന്ധം മൂലമാണ് രേവതിയും കുടുംബവും പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്ക് എത്തിയത്. എന്നാല്‍ പ്രീമിയര്‍ ഷോയ്ക്കെത്തിയ അല്ലു അര്‍ജുനെ കാണാന്‍ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് തേജിന് അമ്മ രേവതിയെ(39) നഷ്ടമാവുകയായിരുന്നു. ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നെഗറ്റിവ് പ്രതികരണങ്ങളാണ് കൂടുതലും വന്നുകൊണ്ടിരിക്കുന്നത്.