മരിച്ച രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് അല്ലു അര്‍ജുന്‍
പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് നടന്‍ അല്ലു അര്‍ജുന്‍. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ ബുധനാഴ്ച രാത്രി നടന്ന പ്രീമിയര്‍ ഷോ കാണാനെത്തിയ 39 കാരി രേവതിയാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. രേവതിയുടെ കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് അല്ലു അര്‍ജുന്‍ അറിയിച്ചു. കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്നും ആവശ്യമായ എന്ത് സഹായവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും നടന്‍ എക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെ അറിയിച്ചു. കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അല്ലു അര്‍ജുന്‍ വ്യക്തമാക്കി. '
സന്ധ്യ തിയേറ്ററില്‍ നടന്ന ദാരുണമായ സംഭവത്തില്‍ ഹൃദയം തകര്‍ന്നു. വേദനയോടെ കുടുംബത്തിന് എന്റെ അനുശോചനം അറിയിക്കുന്നു. ഈ വേദനയില്‍ അവര്‍ തനിച്ചല്ലെന്നും കുടുംബത്തെ വ്യക്തിപരമായി കാണുമെന്നും ഉറപ്പ് നല്‍കുന്നു. അവര്‍ക്ക് വേണ്ട ഏത് സഹായത്തിനും ഞാന്‍ ഒപ്പം ഉണ്ടാകും.'- അല്ലു അര്‍ജുന്‍ പറഞ്ഞു.
തിയേറ്ററില്‍ രാത്രി 11 മണിക്കാണ് പ്രീമിയര്‍ ഷോ ഒരുക്കിയത്. സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദിനൊപ്പം പ്രീമിയര്‍ ഷോയ്ക്ക് എത്തിയ അല്ലു അര്‍ജുനെ കാണാന്‍ 'സന്ധ്യ' തീയേറ്ററിന് സമീപം ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. ജനക്കൂട്ടം ഇരച്ചെത്തിയതോടെ തിയേറ്ററിന്റെ പ്രധാന ഗേറ്റ് തകര്‍ന്നു.
ജനങ്ങള്‍ നിയന്ത്രണംവിട്ട് നീങ്ങാന്‍ തുടങ്ങി. മറ്റ് വഴികളില്ലാതെ പോലീസ് ലാത്തി വീശുകയും ചെയ്തു. ഇതിനിടെയാണ് തിരക്കില്‍ അകപ്പെട്ട് രേവതിയും തേജയും ശ്വാസംമുട്ടി കുഴഞ്ഞുവീണത്. ഇരുവരെയും ആളുകള്‍ ചവിട്ടിമെതിച്ചതോടെ സംഭവസ്ഥലത്ത് വച്ചുതന്നെ രേവതി മരിച്ചു. ഗുരുതരാവസ്ഥയിലായ 9 വയസുകാരന്‍ തേജയെ ഉടന്‍ ആശുപത്രിയിലേക്കും മാറ്റി. ഏഴ് വയസുള്ള മകളും ഇവരുടെ ഒപ്പമുണ്ടായിരുന്നു. ചെറിയ പരിക്കേറ്റ ഈ കുഞ്ഞും ആശുപത്രിയില്‍ ചികിത്സയിലാണ്.