സിക്ക് നോട്ട് എഴുതിക്കൊടുത്ത് ജോലിയ്ക്ക് വരാതിരിക്കുകയും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരെയും സൂക്ഷ്മമായി നിരീക്ഷിക്കുവാന്‍ ജിപി സര്‍ജറികളിലും ഫിസിയോതെറാപ്പി ക്ലിനിക്കുകളിലും ജോബ് സെന്റര്‍ ജീവനക്കാരെ നിയമിക്കും. തൊഴിലില്ലാത്ത രോഗികളെ ജോലിയില്‍ കയറുവാന്‍ കരിയര്‍ അഡൈ്വസര്‍മാര്‍ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്തുന്നതിന് സഹായിക്കുകയും ചെയ്യും. അടുത്ത വര്‍ഷം ആദ്യം മുതലായിരിക്കും സര്‍ക്കാരുമായി സഹകരിച്ചു എന്‍ എച്ച് എസ് ഈ പദ്ധതി നടപ്പിലാക്കുക. അനാരോഗ്യം മൂലം, അതീവ ഗുരുതരമായ സാമ്പത്തിക നിഷ്‌ക്രിയത്വം നിലവിലുള്ള പ്രദേശങ്ങളിലായിരിക്കും ഇത് ആദ്യം നടപ്പിലാക്കുക.
പരീക്ഷണാര്‍ത്ഥം ഇത്തരം പ്രദേശങ്ങളില്‍ ഇത് നടപ്പിലാക്കിയ ശേഷം, രാജ്യം മുഴുവനുമായി ഇത് വ്യാപിപ്പിക്കും. രാജ്യത്ത് നില്‍വിലിരിക്കുന്ന സിക്ക് നോട്ട് സംസ്‌കാരം ഇതോടെ തുടച്ചു നീക്കാനാവുമെന്നാണ് കരുതുന്നത്. മാത്രമല്ല, കൂടുതല്‍ പേരെ തൊഴിലിലേക്ക് മടക്കി കൊണ്ടു വരുന്നത് വഴി, സാമ്പത്തിക രംഗത്ത് പുതിയ അനക്കം സൃഷ്ടിക്കുവാനും അതുപോലെ അനര്‍ഹരായവരുടെ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുക വഴി ഖജനാവിലെക്ക് കൂടുതല്‍ പനം സമാഹരിക്കാനും കഴിയും. പൊതുവെ ഇത്തരമൊരു നടപടി, ഇംഗ്ലണ്ടിന്റെ സമ്പദ് വ്യവസ്ഥക്ക് കരുത്തേകും എന്നാണ് കരുതുന്നത്.
ശരത്ക്കാല ബജറ്റില്‍ ഉള്‍പ്പെടുത്തിയ 45 മില്യന്‍ പൗണ്ടിന്റെ ധനസഹായത്തോടെ എന്‍ എച്ച് എസ്, തെക്കന്‍ യോര്‍ക്ക്ഷയര്‍, വടക്ക് കിഴക്ക് കംബ്രിയ, വടക്കന്‍ കംബ്രിയ, പടിഞ്ഞാറന്‍ യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളിലായിരിക്കും ആദ്യമായി 'ഹെല്‍ത്ത് ആന്‍ഡ് ഗ്രോത്ത്' സെന്ററുകള്‍ രൂപീകരിക്കുക. ജനങ്ങളുടെ അരോഗ്യം മെച്ചപ്പെടുത്തുക, ജോലി ചെയ്യുന്നതിന് വിഘാതമാകുന്ന അവസ്ഥയെ മറികടക്കുക എന്നതിനൊപ്പം, കൂടുതല്‍ ആളുകള്‍ക്ക് ജോലി ചെയ്യാതിരിക്കുന്നതിനുള്ള കാരണങ്ങളായ ഹൃദ്രോഗങ്ങള്‍, പ്രമേഹം, പുറംവേദന, മാനസിക അനാരോഗ്യം എന്നിവയെ തടയുക എന്നതുകൂടി ലക്ഷ്യമിടുന്നു.