ശൈത്യകാലം അതിതീവ്രമാകുന്നതിനു മുന്നേ എന്‍എച്ച്എസ് സേവനങ്ങള്‍ കിട്ടാത്ത സ്ഥിതിയാണ്. ബെഡുകളില്‍ 95 ശതമാനവും രോഗികള്‍ കൈയടക്കി വെച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ചെയ്യാന്‍ കഴിയുന്ന മുന്നൊരുക്കങ്ങള്‍ നടപ്പാക്കാന്‍ എന്‍എച്ച്എസ് നീക്കങ്ങള്‍ സജീവമാക്കുന്നത്. ക്രിസ്മസ് സമയത്ത് വ്യക്തികളും, കുടുംബങ്ങളും സുരക്ഷിതരായി ഇരിക്കാന്‍ ഫ്ലൂ വാക്‌സിന്‍ സ്വീകരിക്കണമെന്നാണ് ഇപ്പോള്‍ എന്‍എച്ച്എസ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
ഫ്ലൂ വാക്‌സിന്‍ പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കാന്‍ രണ്ടാഴ്ചയെങ്കിലും വേണ്ടിവരും. ഇത് പ്രകാരം ക്രിസ്മസ് സമയത്ത് സുരക്ഷ ലഭിക്കണമെങ്കില്‍ ഈ ബുധനാഴ്ചയ്ക്ക് ഉള്ളില്‍ വാക്‌സിന്‍ എടുക്കണം. ഇതിനകം തന്നെ എന്‍എച്ച്എസില്‍ കനത്ത സമ്മര്‍ദങ്ങള്‍ നേരിടുന്ന സ്ഥിതിയാണ്. ഫ്ലൂ, നോറോവൈറസ് കേസുകള്‍ കുതിച്ചുയരുന്നതിനാല്‍ സ്ഥിതി ബുദ്ധിമുട്ടായിരിക്കുമെന്ന് ആരോഗ്യ മേധാവികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഈ ഘട്ടത്തില്‍ ഫ്ലൂ ബാധിച്ച് ആശുപത്രിയിലുള്ള രോഗികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി അധികമാണ്. കൊവിഡ്-19, റെസ്പിറേറ്ററി സിന്‍സിറ്റല്‍ വൈറസ് എന്നിവയും ഇതോടൊപ്പം പരക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഈയാഴ്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 350% വര്‍ദ്ധനവാണ് ഫ്‌ളൂ നിരക്കില്‍ രേഖപ്പെടുത്തുന്നത്.
ഫ്ലൂവിനൊപ്പം, നോറോവൈറസ് കേസുകളും വ്യാപകമാകുന്നതാണ് എന്‍എച്ച്എസിന് തലവേദനയായി മാറുന്നത്. ഫ്ലൂ കേസുകള്‍ റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നതിനാല്‍ പ്രായമായവരും, കുട്ടികളും വാക്‌സിനെടുത്ത് സുരക്ഷിതമാകാന്‍ ഇതാണ് സമയമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് നാഷണല്‍ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ സ്റ്റീഫന്‍ പോവിസ് പറഞ്ഞു.