ലോകത്തിലെ മികച്ച നഗരമായി തുടര്‍ച്ചയായ പത്താം വര്‍ഷവും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ലണ്ടന്‍. ലോകത്തിലെ മറ്റ് മഹാനഗരങ്ങളായ ന്യൂയോര്‍ക്ക്, പാരിസ്, ടോക്കിയോ എന്നിവയെ പിന്നിലാക്കിയാണ് ലണ്ടന്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ സാംസ്‌കാരികവും സാമ്പത്തികവുമായ ശക്തികേന്ദ്രമെന്ന നില കൂടുതല്‍ ഉറപ്പിക്കുകയും ചെയ്തു. റിയല്‍ എസ്റ്റേറ്റ്, വിനോദസഞ്ചാരം, സാമ്പത്തിക വികസനം എന്നീ മേഖലയിലെ പ്രമുഖ ആഗോള ഉപദേഷ്ടാവായ റെസോണന്‍സ് ആണ് വിവിധ കാര്യങ്ങളെ അടിസ്ഥാനമാക്കി റാങ്കിങ് നിശ്ചയിക്കുന്നത്. ഒരു മില്യണില്‍ അധികം ജനസംഖ്യയുള്ള നഗരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഏറ്റവും മികച്ച നഗരം ഏതെന്നു വിലയിരുത്തുന്നത്. തുടക്കം മുതല്‍ തന്നെ ലണ്ടന്‍ ആയിരുന്നു പട്ടികയില്‍ ഒന്നാമത് ആയിരുന്നത്. മാറുന്ന പശ്ചാത്തലത്തിലും ലണ്ടന്‍ അതിന്റെ ആകര്‍ഷണീയതയും സൗന്ദര്യവും തുടര്‍ച്ചയായി പ്രകടിപ്പിക്കുന്നതും ഒരു കാരണമാണ്.
തിരഞ്ഞെടുപ്പ് വിദഗ്ദരായ ഇപ്‌സോസുമായി സഹകരിച്ച് ഇത്തവണത്തെ റാങ്കിങ്ങില്‍ പൊതുജനങ്ങളുടെ അഭിപ്രായം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏകദേശം 30 രാജ്യങ്ങളില്‍ നിന്നായി 22,000 വ്യക്തികളെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്.
നൈറ്റ് ലൈഫ്, ഭക്ഷണം, ഷോപ്പിങ്, സാംസ്‌കാരികമായ ആകര്‍ഷകത്വം, കൂടാതെ പ്രകൃത്യാലുള്ളതും വാസ്തുവിദ്യാപരവുമായ പരിസ്ഥിതിയുടെ ഗുണനിലവാരം എന്നിവയും പ്രധാന ഘടകങ്ങളാണ്. ഉയര്‍ന്ന നിലവാരമുള്ള സര്‍വകലാശാലകളുടെ സാന്നിധ്യവും അടിസ്ഥാന സൗകര്യങ്ങളും പ്രാദേശിക വിമാനത്താവളങ്ങള്‍ വഴിയുള്ള കണക്ടിവിറ്റിയും ലണ്ടന്‍ ഒന്നാമത് എത്തുന്നതിനുള്ള പ്രധാന കാര്യങ്ങളില്‍ ഒന്നായി മാറി. റാങ്കിങ്ങിന് ട്രിപ്പ് അഡൈ്വസര്‍ പോലെയുള്ള വെബ്‌സൈറ്റുകളെ ആശ്രയിക്കുന്നതിനാല്‍ പാശ്ചാത്യ പക്ഷപാതം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റെസോണന്‍സ് സി ഇ ഒയും പ്രസിഡന്റുമായ ക്രിസ് ഫെയിര്‍ പറഞ്ഞു. അങ്ങനെയാണെങ്കില്‍ പോലും ലണ്ടന്റെ കാലാതീതമായ ആകര്‍ഷണം തള്ളിക്കളയാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടന്റെ ഏറ്റവും വലിയ ആകര്‍ഷണം തന്നെ ഇവിടെയുള്ള പ്രസിദ്ധമായ സ്മാരകങ്ങളാണ്. കൂടാതെ, സാമ്പത്തിക മേഖല കുതിച്ചുയരുന്നതും വളര്‍ന്നുവരുന്ന സാങ്കേതിക വിദ്യയുമെല്ലാം ലണ്ടന്‍ ആകര്‍ഷകമാകുന്നതിന്റെ കാരണങ്ങളാണ്. നഗരത്തിന്റെ സമ്പന്നമായ ചരിത്രം, സമകാലിക സൗകര്യങ്ങള്‍, മികച്ച ജീവിത നിലവാരം എന്നിവയുടെ സുഗമമായ സംയോജനമാണ് ലണ്ടന്‍ ഇത്രയേറെ ലോകജനതയെ ആകര്‍ഷിക്കുന്നത്. പൗരാണികത നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് ഈ നഗരം നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും. ഇതെല്ലാം വിനോദസഞ്ചാരികളെയും ലോകമെങ്ങുമുള്ള മറ്റ് ജനവിഭാഗങ്ങളെയും ഇവിടേക്ക് ആകര്‍ഷിക്കുന്നു. അതേസമയം, ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ ന്യൂയോര്‍ക്ക്, പാരിസ്, ടോക്കിയോ, സിംഗപ്പൂര്‍, റോം, മഡ്രിഡ്, ബാഴ്‌സലോണ, ബെര്‍ലിന്‍, സിഡ്‌നി എന്നീ നഗരങ്ങളാണ് ആദ്യപത്തില്‍ ഇടം പിടിച്ചത്.