യു.കെ.വാര്‍ത്തകള്‍

വിന്ററില്‍ മറ്റു ലക്ഷ്യങ്ങള്‍ ശ്രദ്ധിക്കാതെ രോഗികളുടെ ജീവന്‍ സുരക്ഷിതമാക്കണമെന്ന് എന്‍എച്ച്എസിന് ഹെല്‍ത്ത് സെക്രട്ടറിയുടെ ഉത്തരവ്

വിന്റര്‍ മാസങ്ങള്‍ എന്‍എച്ച്എസിനെ സംബന്ധിച്ച് കടുത്ത സമ്മര്‍ദ്ദമുള്ള കാലമാണ്. പല തരത്തിലുള്ള രോഗങ്ങള്‍ ബാധിച്ച രോഗികള്‍ ആശുപത്രികളിലേക്ക് ഒഴുകിയെത്തുന്ന സമയത്ത് ആരെ ആദ്യം ചികിത്സിക്കുമെന്ന് ഡോക്ടര്‍മാരും നഴ്‌സുമാരും വെട്ടിലാകുന്ന സമയം കൂടിയാണിത്.

എന്നാല്‍ ഈ വിന്ററില്‍ അത്തരം ആശയക്കുഴപ്പങ്ങളൊന്നും ബാക്കിവെയ്ക്കാന്‍ നില്‍ക്കാതെ രോഗികള്‍ മരിക്കാതെ സംരക്ഷിക്കുന്നതിന് പ്രഥമ ശ്രദ്ധ നല്‍കണമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഉത്തരവ് നല്‍കിയിരിക്കുന്നത്. വിന്ററില്‍ മറ്റു ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ശ്രദ്ധിക്കാതെ സുരക്ഷയെ പ്രാധാന്യത്തോടെ കാണാനാണ് സ്ട്രീറ്റിംഗ് ആവശ്യപ്പെടുന്നത്.

ഏറ്റവും കൂടുതല്‍ ചികിത്സാ പ്രാധാന്യമുള്ള രോഗികള്‍ക്ക് പ്രാമുഖ്യം നല്‍കി ഒഴിവാക്കാന്‍ കഴിയുന്ന മരണങ്ങള്‍ തടയണമെന്ന് ഹെല്‍ത്ത് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. പലപ്പോഴും ആശുപത്രികള്‍ എളുപ്പത്തില്‍ ചികിത്സിക്കാന്‍ കഴിയുന്ന രോഗികളെ ചികിത്സിച്ച്, സങ്കീര്‍ണ്ണമായ ആവശ്യങ്ങളുള്ള രോഗികളെ കാത്തിരിക്കാന്‍ നിര്‍ബന്ധിതമാക്കുന്നുവെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഈ വിധത്തില്‍ എളുപ്പപ്പണി ചെയ്യുന്ന ആശുപത്രികള്‍ നാല് മണിക്കൂറിനുള്ളില്‍ 95 ശതമാനം രോഗികളെ അഡ്മിറ്റ് ചെയ്യുകയോ ഡിസ്ചാര്‍ജ്ജ് ചെയ്യുകയോ ചെയ്യുന്ന ലക്ഷ്യം നേടിയിരുന്നുവെങ്കിലും ഗുരുതര രോഗികള്‍ കൂടുതല്‍ അപകടം നേരിടുന്നുവെന്ന ദുരവസ്ഥയും സംജാതമായിരുന്നു.

കഴിഞ്ഞ വര്‍ഷം എ&ഇകളില്‍ കാത്തിരിപ്പ് മൂലം ആഴ്ചയില്‍ 300 മരണങ്ങളെങ്കിലും നടന്നിട്ടുണ്ടെന്ന് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ കണ്ടെത്തിയിരുന്നു. 1.5 മില്ല്യണ്‍ രോഗികള്‍ 12 മണിക്കൂറും, അതിലേറെയും കാത്തിരിക്കേണ്ട അവസ്ഥയും നേരിട്ടു.

ഇതിനകം തന്നെ എന്‍എച്ച്എസില്‍ കനത്ത സമ്മര്‍ദങ്ങള്‍ നേരിടുന്ന സ്ഥിതിയാണ്. ഫ്ലൂ, നോറോവൈറസ് കേസുകള്‍ കുതിച്ചുയരുന്നതിനാല്‍ സ്ഥിതി ബുദ്ധിമുട്ടായിരിക്കുമെന്ന് ആരോഗ്യ മേധാവികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions