ന്യൂഇയര്‍ ഷോക്കടിക്കും! ജനുവരി, ഏപ്രില്‍ മാസങ്ങളില്‍ രണ്ട് തവണ എനര്‍ജി ബില്ലുകള്‍ വര്‍ധിക്കുമെന്ന് പ്രവചനം
സകല മേഖലകളിലും ബാധ്യത നേരിടുന്ന യുകെ ജനതയുടെ ചുമലിലേക്ക് പുതുവര്‍ഷത്തില്‍ എനര്‍ജി ഷോക്കും. എനര്‍ജി ബില്ലുകള്‍ കുറയുന്നതിനായി കാത്തിരിക്കുന്ന കുടുംബങ്ങളുടെ സമാധാനം കെടുത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വീടുകളുടെ എനര്‍ജി ബില്ലുകള്‍ അടുത്ത വര്‍ഷം രണ്ട് തവണയെങ്കിലും വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്.
നിലവിലെ ഓഫ്‌ജെമിന്റെ വാര്‍ഷിക പ്രൈസ് ക്യാപ്പ് 1717 പൗണ്ടിലാണ്. ഇത് 2025 ജനുവരി 1 മുതല്‍ 1738 പൗണ്ടിലേക്ക് വര്‍ധിക്കുമെന്നാണ് കോണ്‍വാള്‍ ഇന്‍സൈറ്റ് വിദഗ്ധര്‍ കണക്കാക്കുന്നത്. ഇവിടെയും കാര്യങ്ങള്‍ അവസാനിക്കില്ല. 2025 ഏപ്രില്‍ മാസത്തില്‍ ബില്ലുകള്‍ 1782 പൗണ്ടിലേക്ക് ഉയരുമെന്നും പ്രവചനത്തില്‍ പറയുന്നു.
2021 മുതല്‍ വര്‍ധിച്ച എനര്‍ജി ബില്ലുകളുടെ ക്യാപ്പുകള്‍ കൃത്യമായി പ്രവചിച്ചവരാണ് കോണ്‍വാള്‍ ഇന്‍സൈറ്റ്. എനര്‍ജി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ഏപ്രില്‍ എനര്‍ജി ബില്‍ നിരക്ക് വര്‍ധനവിനെ സ്വാധീനിക്കും. കൂടാതെ യുകെയിലെ ഗ്യാസ്, വൈദ്യുതി റെഗുലേറ്ററി മാറ്റങ്ങളുടെ ചെലവും അധികമായി ഭവിക്കുമെന്ന് കോണ്‍വാള്‍ വ്യക്തമാക്കി.
ഈ മാറ്റങ്ങള്‍ മൂലം എനര്‍ജി ബില്ലുകളില്‍ മറ്റൊരു 20 പൗണ്ട് കൂടി ചേര്‍ക്കപ്പെടും. ഗവണ്‍മെന്റിന്റെ നെറ്റ് സീറോ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള സബ്‌സിഡികളുടെ ഭാഗമാണ് ഈ തുക. അതേസമയം ജൂലൈ മുതല്‍ എനര്‍ജി ബില്ലുകളില്‍ അല്‍പ്പം ആശ്വാസത്തിന്റെ വെളിച്ചം കണ്ടുതുടങ്ങുമെന്നാണ് സൂചന. ജൂലൈയില്‍ എനര്‍ജി നിരക്കുകള്‍ താഴുമെന്നാണ് നിലവിലെ സാഹചര്യത്തില്‍ പ്രതീക്ഷിക്കുന്നതെന്ന് കോണ്‍വാള്‍ ഇന്‍സൈറ്റ് വ്യക്തമാക്കി.