ബിആര്‍പി കാര്‍ഡുകള്‍ ഓണ്‍ലൈനാക്കാനുള്ള സമയ പരിധി 3 മാസം നീട്ടി യുകെ
ലണ്ടന്‍: ബ്രിട്ടനിലുള്ള വിദേശികളുടെ ബയോമെട്രിക് റസിഡന്റ് പെര്‍മിറ്റുകള്‍ അഥവാ ബിആര്‍പി കാര്‍ഡുകള്‍ ഓണ്‍ലൈന്‍ ഫോര്‍മാറ്റിലേക്ക് മാറ്റാനുള്ള കാലാവധി മൂന്നു മാസം കൂടി നീട്ടി. ഡിസംബര്‍ 31നകം എല്ലാ ബിആര്‍പി കാര്‍ഡുകളും ഇയു സെറ്റില്‍മെന്റ് വീസ സ്കീമും (ഇയുഎസ്എസ്) ബയോമെട്രിക് റസിഡന്‍സ് കാര്‍ഡുകളും (ബിആര്‍സി) യുകെ വീസ അക്കൗണ്ടുകള്‍ വഴി ഓണ്‍ലൈന്‍ ഫോര്‍മാറ്റിലേക്ക് മാറ്റണമെന്നായിരുന്നു ഹോം ഓഫിസിന്റെ നിര്‍ദേശം. ഇതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കവേ ഒട്ടേറെ സാങ്കേതിക തടസങ്ങളും പ്രായോഗിക ബുദ്ധിമുട്ടുകളും പലരും ചൂണ്ടിക്കാട്ടിയതോടെയാണ് ഇതിനുള്ള കാലാവധി മൂന്നു മാസം കൂടി നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതനുസരിച്ച് ഡിസംബര്‍ 30ന് കാലാവധി അവസാനിക്കുന്ന ബിആര്‍പി കാര്‍ഡുകളുമായി റസിഡന്റ് പെര്‍മിറ്റുകാര്‍ക്ക് മാര്‍ച്ച് 31 വരെ വിദേശയാത്രകള്‍ സാധ്യമാകും. ബ്രിട്ടനിലേക്കുള്ള മടക്കയാത്രയില്‍ എമിഗ്രേഷന്‍ പോയിന്റുകളില്‍ ഇതിന്റെ പേരില്‍ ആരെയും തടയില്ല. മൂന്നു മാസത്തെ അധിക കാലാവധിക്കുള്ളില്‍ എല്ലാ കാര്‍ഡ് ഉടമകളുടെയും വീസ സ്റ്റാറ്റസ് ഓണ്‍ലൈനാക്കി മാറ്റാനാകും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.
മൈഗ്രേഷന്‍ ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് മിനിസ്റ്റര്‍ സീമ മല്‍ഹോത്രയാണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്. വീസ ഹോള്‍ഡര്‍മാരില്‍ നിന്നുള്ള പ്രതികരണവും ഇതിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും ലഭിച്ച വിവരങ്ങളും എംപിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ അഭിപ്രായവും കണക്കിലെടുത്താണ് മൂന്നു മാസത്തെ സമയം അധികമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
ഓണ്‍ലൈന്‍ സ്റ്ററ്റസിലേക്കുള്ള ഈ മാറ്റം പരമാവധി സൗകര്യപ്രദമാക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും പലതരത്തിലുള്ള ഉപദേശവും പിന്തുണയും ഇതിനായി നല്‍കുമെന്നും മന്ത്രി പറഞ്ഞു. 31 ലക്ഷത്തോളം ആളുകള്‍ ഇതിനോടകം തന്നെ തങ്ങളുടെ വീസ സ്റ്റാറ്റസ് ഓണ്‍ലൈന്‍ ഫോര്‍മാറ്റില്‍ ആക്കിക്കഴിഞ്ഞു. അവശേഷിക്കുന്ന ചെറിയ ഒരു ശതമാനത്തിന് സംഭവിച്ച സാങ്കേതിക തടസങ്ങളും പ്രായോഗിക ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് ഇതിനുള്ള സമയം മൂന്നു മാസംകൂടി നീട്ടിയത്.
ഹോം ഓഫിസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന യുകെ വീസ ആന്‍ഡ് ഇമിഗ്രേഷന്‍ (യുകെവിഐ) ഓണ്‍ലൈന്‍ അക്കൗണ്ടിലൂടെyaaണ് ബയോമെട്രിക് കാര്‍ഡുകളുടെ സ്റ്റാറ്റസ് മാറ്റേണ്ടത്. കാര്‍ഡുകള്‍ നഷ്ടപ്പെടുന്നതും അപഹരിക്കപ്പെടുന്നതും കാര്‍ഡില്‍ കൃത്രിമം നടത്തുന്നത് ഒഴിവാക്കുന്നതും ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ലക്ഷ്യമിട്ടാണ് ഈ പുതിയ പരിഷ്കാരം. ഇതിനുള്ള നടപടികള്‍ ലഘൂകരിക്കാനും സഹായിക്കാനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈനും ഓണ്‍ലൈന്‍ ചാറ്റ് ബോക്സും സജ്ജമാക്കിയിട്ടുണ്ട്.
ര്‍ ന്‍ ല്‍ ള്‍ ഹൗസ് ണ്‍
കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്. ഓരോ ബിആര്‍പി കാര്‍ഡ് ഉടമകളെയും ഇ-മെയില്‍ വഴിയും ടെസ്റ്റ് മെസേജ് വഴിയും ഇക്കാര്യം നേരിട്ട് അറിയിച്ചാണ് ഹോം ഓഫിസ് ഇതിനുള്ള നടപടികള്‍ പുരോഗമിപ്പിച്ചത്.