ഡരാഗ് കൊടുങ്കാറ്റിന്റെ പ്രത്യാഘാതത്തില്‍ ബ്രിട്ടനില്‍ അര്‍ദ്ധരാത്രിയോടെ താപനില -11 ഡിഗ്രി സെല്‍ഷ്യസിലേക്ക് കൂപ്പുകുത്തി. കൊടുങ്കാറ്റ് സൃഷ്ടിച്ച പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ 80 ഇടങ്ങളില്‍ വെള്ളപ്പൊക്ക അലേര്‍ട്ടുകളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. റെയില്‍ ഗതാഗതവും പ്രതിസന്ധി നേരിടുകയാണ്.
വൈദ്യുതി നഷ്ടപ്പെട്ട പല ഭാഗങ്ങളില്‍ ബന്ധം പുനഃസ്ഥാപിച്ച് വരുകയാണ്. അപൂര്‍വ്വമായ റെഡ് അലേര്‍ട്ട് നേരിട്ട മേഖലകളില്‍ 92 മൈല്‍ വേഗത്തിലുള്ള കാറ്റാണ് വീശിയടിച്ചത്. എന്‍വയോണ്‍മെന്റ് ഏജന്‍സി ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നല്‍കിയ 18 വെള്ളപ്പൊക്ക ജാഗ്രതാ നിര്‍ദ്ദേശങ്ങളും ഇപ്പോഴും തുടരുകയാണ്. സേവേണ്‍ നദിക്കും, ഡെര്‍വെന്റ് നദിക്കും അരികിലാണ് ഇത് പ്രധാനമായും നിലനില്‍ക്കുന്നത്. 62 വെള്ളപ്പൊക്ക അലേര്‍ട്ടുകളും ആക്ടീവാണ്.
തണുപ്പ് നിറഞ്ഞെങ്കിലും ഈയാഴ്ച സ്ഥിതി അല്‍പ്പം ശാന്തമായിരുന്നു. ഇംഗ്ലണ്ടിലും, വെയില്‍സിലും പരമാവധി ഉയര്‍ന്ന താപനില 6 മുതല്‍ 7 സെല്‍ഷ്യസ് വരെയാകും. സ്‌കോട്ട്‌ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ഇത് 4 സെല്‍ഷ്യസ് വരെയാകാം. എന്നാല്‍ രാത്രിയോടെ താപനില -11 സെല്‍ഷ്യസ് വരെയാണ് താഴുന്നത്.
ഡരാഗ് കൊടുങ്കാറ്റിന്റെ പ്രത്യാഘാതത്തില്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ ചിലയിടത്ത് തടസ്സപ്പെട്ട് നില്‍ക്കുകയാണ്. വെയില്‍സിലെ ട്രെയിന്‍ റൂട്ടുകളില്‍ പകരം സംവിധാനമായി ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഞായറാഴ്ച വരെ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ചെറിയ തോതിലുള്ള മഴ തുടരുമെന്നാണ് മെറ്റ് ഓഫീസ് പ്രതീക്ഷിക്കുന്നത്.