യുകെയില്‍ വീടുകളുടെ ക്ഷാമം വാടകക്കാരെയും വാങ്ങലുകാരെയും പ്രതിസന്ധിയിലാക്കുകയാണ്. കൂടുതല്‍ വീടുകള്‍ നിര്‍മിക്കുകയാണ് ഇതിനുള്ള പോംവഴി. ആവശ്യത്തിന് വീടുകളില്ലാത്തത് ആണ് നിരക്ക് ഉയരാന്‍ കാരണം. ഇതിന് പരിഹാരമായാണ് ലേബര്‍ ഗവണ്‍മെന്റ് 1.5 മില്ല്യണ്‍ പുതിയ ഭവനങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാല്‍ സ്വപ്‌നതുല്യമായ ഈ പദ്ധതിയുടെ ഗുണം നാട്ടുകാര്‍ക്ക് കൈമോശം വരുമെന്നാണ് മുന്നറിയിപ്പ് വരുന്നത്. വര്‍ദ്ധിച്ച തോതിലുള്ള കുടിയേറ്റമാണ് ഇതിന്റെ ഗുണം കവരുകയെന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മൈഗ്രേഷന്‍ ഒബ്‌സര്‍വേറ്ററി പ്രവചിക്കുന്നത്. അഞ്ച് വര്‍ഷത്തിനകം പുതിയ ഭവനങ്ങള്‍ റെക്കോര്‍ഡ് വേഗത്തില്‍ നിര്‍മ്മിച്ചെടുക്കുമെന്ന് കീര്‍ സ്റ്റാര്‍മറും, ആഞ്ചെല റെയ്‌നറും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഈ കാലയളവില്‍ നെറ്റ് മൈഗ്രേഷന്‍ 1.7 മില്ല്യണ്‍ തൊടുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മൈഗ്രേഷന്‍ ഒബ്‌സര്‍വേറ്ററി കണക്കാക്കുന്നത്. പ്രതിവര്‍ഷം 337,000 എന്ന തോതില്‍ നെറ്റ് മൈഗ്രേഷന്‍ നിലകൊണ്ടാല്‍ ഈ പാര്‍ലമെന്റിന്റെ കാലയളവില്‍ ആകെ തങ്ങുന്ന ആളുകള്‍ 1,685,000 ആയി ഉയരും.
എല്ലാ കുടിയേറ്റക്കാര്‍ക്കും സ്വന്തമായി വീട് ആവശ്യം വരുന്നില്ല. പലരും ഷെയേഡ് താമസങ്ങളാണ് തെരഞ്ഞെടുക്കുന്നത്, മറ്റുള്ളവര്‍ നിലവില്‍ ബ്രിട്ടനിലുള്ള കുടുംബത്തിനൊപ്പവും തങ്ങും. എന്നിരുന്നാലും നെറ്റ് മൈഗ്രേഷന്റെ തോത് കണക്കാക്കിയാല്‍ ഗവണ്‍മെന്റിന്റെ 1.5 മില്ല്യണ്‍ വാഗ്ദാനം കാര്യമായ മാറ്റം സൃഷ്ടിക്കില്ലെന്നാണ് ആശങ്ക ഉയരുന്നത്.