പുഷ്പ 2 റിലീസിനിടെ യുവതി മരിച്ച സംഭവം; അല്ലു അര്‍ജുന്‍ അറസ്റ്റില്‍
പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ഹൈദരാബാദ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ജൂബിലി ഹില്‍സിലെ വസതിയില്‍ വച്ചാണ് അറസ്റ്റ്.
ഇക്കഴിഞ്ഞ ദിവസമാണ് അല്ലു അര്‍ജുന്‍ നായകനായ 'പുഷ്പ 2' സിനിമയുടെ റിലീസിനിടെ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് അല്ലു അര്‍ജുന്റെ കടുത്ത ആരാധികയായിരുന്ന സ്ത്രീ മരിച്ചത്. ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിയായ രേവതിയാണ് മരിച്ചത്. രേവതിയുടെ കുട്ടിക്കും ഭര്‍ത്താവിനും ഗുരുതരമായി പരുക്കേറ്റിരുന്നു. ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലായിരുന്നു സംഭവം.
തിയറ്ററിലേക്ക് കയറാന്‍ ശ്രമിച്ച രേവതിയും ശ്രീതേജും തിരക്കില്‍പ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഇരുവരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രേവതി മരിക്കുകയായിരുന്നു. സംഭവത്തിന് തൊട്ടപിന്നാലെ തിയറ്റര്‍ ഉടമ അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അല്ലു അര്‍ജുനേയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. അതേസമയം സംഭവത്തില്‍ അല്ലു അര്‍ജുന്‍ അനുശോചനം അറിയിച്ചിരുന്നു.
രേവതിയുടെ കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് അല്ലു അര്‍ജുന്‍ അറിയിച്ചു. കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്നും ആവശ്യമായ എന്ത് സഹായവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും നടന്‍ എക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെ അറിയിച്ചു. കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അല്ലു അര്‍ജുന്‍ വ്യക്തമാക്കി. '
സന്ധ്യ തിയേറ്ററില്‍ നടന്ന ദാരുണമായ സംഭവത്തില്‍ ഹൃദയം തകര്‍ന്നു. വേദനയോടെ കുടുംബത്തിന് എന്റെ അനുശോചനം അറിയിക്കുന്നു. ഈ വേദനയില്‍ അവര്‍ തനിച്ചല്ലെന്നും കുടുംബത്തെ വ്യക്തിപരമായി കാണുമെന്നും ഉറപ്പ് നല്‍കുന്നു. അവര്‍ക്ക് വേണ്ട ഏത് സഹായത്തിനും ഞാന്‍ ഒപ്പം ഉണ്ടാകും.'- അല്ലു അര്‍ജുന്‍ പറഞ്ഞു.