നടി കീര്‍ത്തിയും ആന്റണിയും 15 വര്‍ഷത്തെ പ്രണയ സാഫല്യത്തില്‍ പുതിയ ജീവിതം തുടങ്ങി. പരമ്പരാഗത തമിഴ് ബ്രാഹ്മണ അയ്യങ്കാര്‍ രീതിയിലായിരുന്നു വിവാഹം. വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പരമ്പരാഗത ശൈലിയിലെ വസ്ത്രങ്ങളാണ് വധു വരന്മാര്‍ തിരഞ്ഞെടുത്തത്. 'മഡിസര്‍' രീതിയിലുള്ള മഞ്ഞ നിറത്തിലുള്ള പട്ടുസാരിയും ബ്രൊക്കേഡ് ബ്ലൗസുമാണ് നടി ധരിച്ചത്. വേഷ്ഠി ധരിച്ചാണ് ആന്റണിയെത്തിയത്.
നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും ചലച്ചിത്ര താരം മേനക സുരേഷിന്റെയും ഇളയ മകളാണ് കീര്‍ത്തി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തിയുടെ നായിക അരങ്ങേറ്റം. പിന്നീട് മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലേക്കും എത്തിയ താരം അവിടെ വിജയക്കൊടി പാറിച്ചു. തെലുങ്കില്‍ അഭിനയിച്ച മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി. ഡിസംബര്‍ 25ന് റിലീസ് ചെയ്യുന്ന ബേബി ജോണ്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് കീര്‍ത്തി.