ലണ്ടന്‍: ഏറെ വിവാദമായിരുന്ന ബ്രക്‌സിറ്റില്‍ നിന്ന് യുകെ പിന്തിരിയാന്‍ സാധ്യതയുള്ളതായി സൂചന. ബ്രക്‌സിറ്റ് നടപ്പാക്കിയതില്‍ നിന്നുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടത്താന്‍ യുകെ സര്‍ക്കാര്‍ ‘സറണ്ടര്‍ സ്ക്വാഡ്’ രൂപീകരിച്ചതായി റിപ്പോര്‍ട്ട്. ഡെയ്ലി മെയിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
100ലധികം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് ഈ സംഘം രൂപീകരിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള 2016ലെ വോട്ടെടുപ്പിലെ തീരുമാനത്തില്‍ നിന്ന് യുകെ പിന്തിരിയുന്നതിനാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
യൂറോപ്യന്‍ യൂണിയനുമായുള്ള ഭാവി ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് ഈ സംഘം രൂപീകരിച്ചിരിക്കുന്നത്. യുവാക്കളുടെ സഞ്ചാര സ്വാതന്ത്ര്യം, യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളുടെ സ്വീകാര്യത, 2026ന് ശേഷം യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ബ്രിട്ടിഷ് കടലില്‍ മത്സ്യബന്ധനം നടത്താനുള്ള അവകാശം എന്നിവ ചര്‍ച്ചകളില്‍ ഉള്‍പ്പെടും.
യൂറോപ്യന്‍ യൂണിയനുമായി പുതിയ സുരക്ഷാ കരാറിലും ധാരണയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. യൂറോപ്യന്‍ യൂണിയന്‍ ധനമന്ത്രിമാരുടെ യോഗത്തില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പങ്കെടുക്കും.
യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളുമായി യോജിപ്പിച്ച് യുകെ നിയമം തിരുത്താനും യൂറോപ്യന്‍ യൂണിയന്‍ നിയമം തിരികെ കൊണ്ടുവരാനും മത്സ്യബന്ധന സ്ഥലങ്ങള്‍ വിട്ടുകൊടുക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്.
യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനും സഹകരണം ശക്തിപ്പെടുത്താനും വ്യാപാരത്തിനുള്ള തടസ്സങ്ങള്‍ നീക്കാനും സാമ്പത്തിക വളര്‍ച്ചയെ സഹായിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
ബ്രക്‌സിറ്റ് സമ്മാനിച്ച സ്വാതന്ത്ര്യങ്ങളും, അവസരങ്ങളും അടിയറവ് വെച്ച് യുകെയെ വീണ്ടും ഇയുവുമായി കെട്ടിയിടാനാണ് പ്രധാനമന്ത്രിയുടെ നീക്കമെന്നാണ് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നത്. ബ്രിട്ടനെ തിരിച്ച് കൊണ്ടുപോകുകയാണ് സ്റ്റാര്‍മറെന്ന് ടോറി നേതാവ് കെമി ബാഡെനോക് ആരോപിച്ചു.