ലണ്ടന്‍: ബെക്കിങ്ഹാം പാലസില്‍ ചൈനീസ് ചാരന്‍ കയറിപ്പറ്റിയെന്ന വിവാദം കൊഴുക്കുന്നു. ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ഇളയ സഹോദരന്‍ ആന്‍ഡ്രൂ രാജകുമാരന്റെ വിശ്വസ്തന്‍ എന്ന നിലയിലാണ് ഇയാള്‍ കൊട്ടരത്തിനകത്ത് കയറിയതെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ എച്ച് 6 എന്ന് വിശേഷണമുള്ള ഇയാള്‍ മുന്‍ പ്രധാനമന്ത്രിമാരായ ഡേവിഡ് കാമറൂണ്‍, തെരേസ മേ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരവും പുറത്തുവന്നിരിക്കുകയാണ്.
നിയമപരമായ കാരണങ്ങളാല്‍ എച്ച്-6 എന്നറിയപ്പെടുന്ന ഈ വ്യക്തി ഒരു ബിസനസുകാരനാണ്. ഇയാള്‍ കൊട്ടാരവുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി അസാധാരണമായ അടുപ്പം നേടിയതായി ഒരു ട്രൈബ്യൂണല്‍ ജഡ്ജി പറഞ്ഞു. അതേസമയം ആരോപണ വിധേയനായ ഈ ചാരനുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിച്ചെന്നാണ് യോര്‍ക്ക് ഡ്യൂക്ക് അറിയിച്ചിരിക്കുന്നത്.
തെരേസ മേ, ഡേവിഡ് കാമറൂണ്‍ എന്നിവര്‍ക്കൊപ്പം ഇയാള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. "ഡേവിഡ് കാമറൂണ്‍ ഒരു ദശാബ്ദത്തിലേറെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവും ആറ് വര്‍ഷം പ്രധാനമന്ത്രിയുമായിരുന്നു.
ദേശീയ സുരക്ഷാ ആശങ്കകള്‍ കാരണം എച്ച് 6-ന് യു.കെയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് സ്ഥിതിഗതികള്‍ വിവാദങ്ങളിലേക്കെത്തിയത്.
ചാരവൃത്തി ആരോപണം യു.കെയിലെ ചൈനീസ് എംബസി നിഷേധിച്ചിട്ടുണ്ട്. ചൈനയെ ലക്ഷ്യം വച്ചുള്ള അടിസ്ഥാനരഹിതമായ ചാരക്കഥകള്‍ കെട്ടിച്ചമയ്ക്കാന്‍ യുകെയിലെ ചില വ്യക്തികള്‍ എപ്പോഴും ഉത്സാഹിക്കുന്നുണ്ടെന്നാണ് അവര്‍ പറഞ്ഞത്. ചൈനയെ അപകീര്‍ത്തിപ്പെടുത്തുകയും ചൈനീസ്, ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കുകയുമാണ് അവരുടെ ലക്ഷ്യമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.