അടുത്ത 42 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. കാറ്റും ആറ് ഇഞ്ച് വരെ മഴ പെയ്യിക്കാന്‍ സാധ്യത തെളിയിച്ചാണ് കാലാവസ്ഥ മാറിമറിയുന്നത്. ഈ സീസണില്‍ ഏതാനും കൊടുങ്കാറ്റുകള്‍ കനത്ത നാശം വിതച്ചതിന് ശേഷമാണ് മഴ ശക്തമാകുന്നത്.
ഞായറാഴ്ച പുറപ്പെടുവിച്ച മഞ്ഞ ജാഗ്രതാ മുന്നറിയിപ്പ് ചൊവ്വാഴ്ച ഉച്ച വരെ പ്രാബല്യത്തിലുണ്ട്. അര മാസം കൊണ്ട് പെയ്യേണ്ട മഴ ഈ ദിവസങ്ങളില്‍ ചില ഭാഗങ്ങളില്‍ പെയ്തിറങ്ങുമെന്ന് മുന്നറിയിപ്പില്‍ കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നുണ്ട്. തുടര്‍ച്ചയായി പെയ്യുന്ന മഴ ബുദ്ധിമുട്ടേറിയ യാത്രാ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും, ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കുകയും ചെയ്യുമെന്നാണ് പ്രവചനം.
കൂടാതെ വൈദ്യുതി വിതരണം ഉള്‍പ്പെടെ മറ്റ് സേവനങ്ങളും തടസ്സം നേരിടാന്‍ സാധ്യതയുണ്ട്. മഞ്ഞ് പെയ്ത സ്ഥലങ്ങളില്‍ പെട്ടെന്നുള്ള മഴ വീടുകള്‍ക്കും, ബിസിനസ്സുകള്‍ക്കും വെള്ളപ്പൊക്ക ഭീഷണി ഉയര്‍ത്തുന്നുണ്ട്. താപനില വിവിധ ഭാഗങ്ങളിലായി 0 സെല്‍ഷ്യസ് മുതല്‍ -11 സെല്‍ഷ്യസ് വരെ മാറിമറിയുന്നുണ്ട്. വരും ദിവസങ്ങളില്‍ മഴ പെയ്യുന്ന സാഹചര്യമാണ് വര്‍ദ്ധിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.
മഞ്ഞ മുന്നറിയിപ്പ് ഹൈലാന്‍ഡ്‌സ്, ആര്‍ഗില്‍ & ബൂട്ട്, പെര്‍ത്ത്ഷയര്‍, സ്‌കോട്ട്‌ലണ്ടിലെ സ്റ്റിര്‍ലിംഗ് മേഖല എന്നിവിടങ്ങളിലാണ് വ്യാപിക്കുന്നത്. യാത്ര ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് പോലീസ് ഉപദേശിക്കുന്നത്.