ക്രിസ്മസ് അവധിക്കാലത്ത് റോഡുകളിലെ തിരക്ക് അനിയന്ത്രിതമാകുമെന്നും റോഡുകളില്‍ നീണ്ട ബ്ലോക്കിന് സാധ്യതയുണ്ടെന്നും അതിനാല്‍ യാത്ര ആസൂത്രണം ചെയ്യണമെന്നും യുകെയില്‍ ഉടനീളമുള്ള ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശം. വാരാന്ത്യത്തില്‍ പ്രത്യേകിച്ച് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ 6 മണിക്കൂര്‍ പ്രധാന റൂട്ടുകളിലെ യാത്ര ഒഴിവാക്കണമെന്നാണ് പൊതുവെ ഡ്രൈവര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന പ്രധാന നിര്‍ദ്ദേശം. ആര്‍എസിയും ട്രാന്‍സ്‌പോര്‍ട്ട് അനലിറ്റിക്‌സ് കമ്പനിയായ ഇന്റിക്സും 2013 മുതലുള്ള വിവരങ്ങളെ വിശകലനം ചെയ്താണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1 മണിക്കും രാത്രി 7 മണിക്കും ഇടയിലാണ് റോഡുകളില്‍ ഏറ്റവും തിരക്ക് അനുഭവപ്പെടുക എന്നാണ് മുന്നറിയിപ്പ്.
M25, M3, M 1, M23 തുടങ്ങിയ പ്രധാന മോട്ടോര്‍ വേകളില്‍ എല്ലാം ദീര്‍ഘനേരം ട്രാഫിക് ബ്ലോക്കുകള്‍ ഉണ്ടാകുമെന്നാണ് അറിയിപ്പില്‍ പറയുന്നത്. ക്രിസ്മസ് രാവില്‍ 3.8 മില്യണ്‍ കാറുകള്‍ നിരത്തിലിറങ്ങുമെന്നാണ് കരുതപ്പെടുന്നത്. ഈ വര്‍ഷം ക്രിസ്മസ് ബുധനാഴ്ച വരുന്നതിനാല്‍ വാരാന്ത്യങ്ങളിലെ തിരക്ക് നീണ്ടു നില്‍ക്കുമെന്ന് ആര്‍എസി വക്താവ് പറഞ്ഞു. തിരക്കുള്ള സമയം ഒഴിവാക്കി യാത്ര ചെയ്യുന്നതായിരിക്കും സമയത്തിന് എത്തിച്ചേരാനുള്ള മാര്‍ഗമെന്ന് ആര്‍എസി നിര്‍ദ്ദേശിക്കുന്നു.
എന്നാല്‍ ആര്‍എസി നടത്തിയ ഒരു സര്‍വേയില്‍ 53 ശതമാനം ആളുകളും തിരക്കുള്ള സമയങ്ങളില്‍ യാത്ര ആസൂത്രണം ചെയ്തതായിയാണ് കണ്ടെത്തിയിരിക്കുന്നത് . 35 ശതമാനം ആളുകളും ഇത്തരം അവധിക്കാല യാത്രകള്‍ക്ക് പൊതു ഗതാഗതം ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്നില്ല. നിരവധി ആളുകളുമായി ഒട്ടേറെ ലഗേജുമായി യാത്ര ചെയ്യുന്നതിനാലാണ് പൊതു ഗതാഗതം അവധിക്കാല യാത്രകള്‍ക്ക് അനുയോജ്യമായി പലരും കരുതാത്തത്. വര്‍ദ്ധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് ഡിസംബര്‍ 20 മുതല്‍ ജനുവരി 2 വരെ മോട്ടോര്‍ വേകളിലെയും പ്രധാനപാതകളിലെയും അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് നാഷണല്‍ ഹൈവേസ് അറിയിച്ചിട്ടുണ്ട്.
ഉത്സവകാലത്ത് കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ മുന്‍കൂട്ടി യാത്ര ആസൂത്രണം ചെയ്യണമെന്നും നാഷണല്‍ ഹൈവേയുടെ കസ്റ്റമര്‍ സര്‍വീസ് ഡയറക്ടര്‍ പറഞ്ഞു. സമീപകാലത്ത് ഉണ്ടായ കനത്ത മഴയും കൊടുങ്കാറ്റുകളും റോഡുകളുടെ അവസ്ഥ മോശമാക്കിയിട്ടുണ്ട്. ഇതും വാഹനഗതാഗതം ദുഷ്കരമാക്കുമെന്നും ട്രാഫിക് ബ്ലോക്ക് സൃഷ്ടിക്കുന്നതിനും കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതായാലും ഇത്തവണത്തെ ക്രിസ്മസ് സീസണ്‍ യുകെയില്‍ ഉടനീളമുള്ള ഡ്രൈവര്‍മാര്‍ക്ക് കടുത്ത ദുരിതം സമ്മാനിക്കുമെന്ന കാര്യം ഉറപ്പാണ്.