പ്രശസ്ത സിനിമ സീരിയല്‍ താരം മീന ഗണേഷ്(81) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഷൊര്‍ണൂര്‍ പി കെ ദാസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇവര്‍. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, മീശമാധവന്‍, കരുമാടിക്കുട്ടന്‍ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു മീന 1976 മുതല്‍ അഭിനയ രംഗത്ത് സജീവമാണ് .
200-ല്‍ പരം സിനിമകളിലും, 25-ല്‍ പരം സീരിയലുകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമകളില്‍ അഭിനയിച്ചിരുന്ന നടല്‍ കെ പി കേശവന്റെ മകളാണ് മീന. സ്കൂള്‍ പഠനകാലത്ത് കൊപ്പം ബ്രദേഴ്സ് ആര്‍ട്ട്സ് ക്ലബ്ബിലൂടെയാണ് മീന ആദ്യമായി നാടകരംഗത്തെത്തുന്നത്. തുടര്‍ന്ന് നാടകത്തില്‍ സജീവമാവുകയും കോയമ്പത്തൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളിലെ മലയാളി സമാജങ്ങളിലടക്കം അഭിനയിക്കുകയും ചെയ്തു.
1971-ല്‍ പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എ എന്‍ ഗണേഷിനെ വിവാഹം ചെയ്യുകയും വിവാഹശേഷം മീനയും ഗണേഷും ചേര്‍ന്ന് പൗര്‍ണ്ണമി കലാമന്ദിര്‍ എന്ന പേരില്‍ ഷൊര്‍ണ്ണൂരില്‍ ഒരു നാടക സമിതി തുടങ്ങുകയും ചെയ്തു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മൂന്നുവര്‍ഷത്തിനുള്ളില്‍ ഈ ട്രൂപ്പ് പരിച്ചുവിടേണ്ടി വന്നു.