ലണ്ടന്‍: ടൂറിസ്റ്റായി ഓസ്ട്രേലിയയില്‍ നിന്നെത്തിയ യുവതിയെ ലണ്ടനില്‍ കാണാനില്ല. രണ്ടാഴ്ച മുന്‍പ് തെക്കന്‍ ലണ്ടനിലെ ഒരു ഹോസ്റ്റലില്‍ നിന്നും കാണാതായ യുവതിക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. താന്‍ എവിടെയാണെന്ന സുഹൃത്തുക്കളുടെ ചോദ്യങ്ങള്‍ക്ക് തികച്ചും വിചിത്രമായ ഒരുപറ്റം മറുപടികള്‍ അയയ്ക്കുന്നതിന് മുന്‍പായാണ് ഇവരെ കാണാതായത്. ക്വീന്‍സ്ലാന്‍ഡിലെ ബന്ധുക്കളുമായി സമ്പര്‍ക്കത്തില്‍ വരാതായതോടെ ഡിസംബര്‍ എട്ടിന് ആയിരുന്നു ഇവരുടെ പിതാവ് ആദ്യമായി ഇവരെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തത്.
വെയ്ട്രസ്സ് ആയി ജോലി ചെയ്യുന്ന ജെസ്സിക്ക പാര്‍ക്കിന്‍സണ്‍ എന്ന 29 കാരി താന്‍ ജോലി ചെയ്തിരുന്ന ടെക്സാസ് ജോസ് എന്ന ബാര്‍ബെക്യൂ റെസ്റ്റോറന്റില്‍ വൈകിട്ട് നാലു മണിക്കുള്ള ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ എത്തിയതുമില്ല. എവിടെയാണെന്ന് അവരുടെ മാനേജര്‍ ടെക്സ്റ്റ് സന്ദേശത്തിലൂടെ ചോദിച്ചപ്പോള്‍, പുറപ്പെടാന്‍ വൈകി എന്നും, കൃത്യം അഞ്ചു മണിക്ക് അവിടെ എത്തുമെന്നുമായിരുന്നു അവര്‍ മറുപടി അയച്ചത്. എന്നാല്‍, അഞ്ചു മണിക്കും അവര്‍ എത്തിച്ചേര്‍ന്നില്ല.
അതിനു ശേഷം അവരെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. ബുധനാഴ്ചകളില്‍ നാലു മണി ഷിഫ്റ്റില്‍ ജോലി ചെയ്യാറുള്ള ജെസ്സിക്ക തുടര്‍ച്ചയായി മൂന്ന് ഷിഫ്റ്റുകളില്‍ ജോലിക്ക് വരാതെ നാലാം തവണയും അത് ആവര്‍ത്തിച്ചെന്ന് അവരുടെ മാനേജരെ ഉദ്ധരിച്ചുകൊണ്ട് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെയും മാനേജര്‍ സന്ദേശമയച്ചപ്പോള്‍, അഞ്ചു മണിക്കാണ് ജോലിക്ക് കയറേണ്ടതെന്ന് വിചാരിച്ചുവെന്നും ഉടനടി അവിടെയെത്തും എന്നുമായിരുന്നത്രെ അവരുടെ മറുപടി. എന്നാല്‍, ഇന്നലെയും അവര്‍ വന്നില്ല. എന്നാല്‍, അവരുടെ ഒരു സഹപ്രവര്‍ത്തകക്ക് ഒരു വിചിത്രമായ സന്ദേശം അയയ്ക്കുകയും ചെയ്തു. അതില്‍ പക്ഷെ ജോലിക്ക് വരാത്തതിനെ കുറിച്ച് പരാമര്‍ശമില്ല.
താമസ സ്ഥലവുമായി ബന്ധപ്പെട്ട് ജസ്സിക്ക അടുത്തിടെ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു എന്ന് പറയപ്പെടുന്നു. അവര്‍ താമസിച്ചിരുന്ന ഷെയര്‍ ഫ്‌ലാറ്റില്‍ നിന്നും അവരെ പുറത്താക്കിയതിനെ തുടര്‍ന്ന് ബറോ ഹൈ സ്ട്രീറ്റിലെ സെയിന്റ് ക്രിസ്റ്റഫര്‍ ഇന്‍ ഹോസ്റ്റലില്‍ താമസിക്കാന്‍ അവര്‍ നിര്‍ബന്ധിതയായിരുന്നു. അഞ്ചടി നാലിഞ്ച് ഉയരമുള്ള ജെസ്സിക്ക, ചെമ്പന്‍ മുടിയും നീലക്കണ്ണുകളുമുള്ള യുവതിയാണ്. ഒഴിവുകാലത്ത് ഓസ്‌ട്രേലിയയ്ക്ക് പോകുന്നതിനെ കുറിച്ചും മാര്‍ച്ച് വരെ അവിടെ താമസിക്കുന്നതിനെ കുറിച്ചും ഇവര്‍ ഇടയ്ക്കിടെ പറയുമായിരുന്നു എന്ന് സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍, ഇവരുടെ ഓസ്‌ട്രേലിയയിലെ ബന്ധുക്കള്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ല എന്ന് പറയുന്നു.