ലേബര്‍ ഗവണ്‍മെന്റിന്റെ ഫ്യൂവല്‍ അലവന്‍സ് വെട്ടിക്കുറച്ച നടപടി ഈ വിന്ററില്‍ 4000 പേരുടെയെങ്കിലും ജീവന് ഭീഷണിയെന്ന് മുന്നറിയിപ്പുകള്‍. ഫ്യൂവല്‍ അലവന്‍സ് വെട്ടിക്കുറച്ചത് മരണങ്ങളിലേക്ക് നയിക്കുമോയെന്ന വിഷയത്തില്‍ തന്റെ ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധനകള്‍ നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് തയ്യാറായില്ല.
2017-ല്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് വിന്റര്‍ ഫ്യൂവല്‍ അലവന്‍സ് റദ്ദാക്കിയാല്‍ 4000 പേര്‍ മരിക്കുമെന്ന് ലേബര്‍ പാര്‍ട്ടി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകില്ലെന്നാണ് ആത്മവിശ്വാസമുള്ളതെന്ന് കോമണ്‍സ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ കമ്മിറ്റിയില്‍ ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു.
ലേബര്‍ അധികാരത്തിലെത്തിയതോടെ ഈ വാദം മറന്ന് ധനലഹായം പെന്‍ഷന്‍ ക്രെഡിറ്റോ, മറ്റേതെങ്കിലും ബെനഫിറ്റിനോ അര്‍ഹതയുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയായിരുന്നു. പൊതുഖജനാവിലെ ധനക്കമ്മി പരിഹരിക്കുന്നതിനായാണ് ജൂലൈയില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അലവന്‍സ് വെട്ടിക്കുറച്ചത്.
സ്റ്റേറ്റ് പെന്‍ഷന്‍ ട്രിപ്പിള്‍ ലോക്ക് ഉള്‍പ്പെടെ സംരക്ഷിക്കാനായി ചാന്‍സലര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ പരിഗണിച്ചാല്‍ വിന്റര്‍ ഫ്യൂവല്‍ അലവന്‍സ് കുറച്ചത് ആഘാതം സൃഷ്ടിക്കില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി കമ്മിറ്റി മുന്‍പാകെ വ്യക്തമാക്കി. ഏറ്റവും പാവപ്പെട്ട പെന്‍ഷന്‍കാര്‍ക്ക് ഈ അലവന്‍സ് നിലനിര്‍ത്തിയിട്ടുണ്ടെന്നതിനാലാണ് തനിക്ക് ആത്മവിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.