വിദേശ രാജ്യങ്ങളില്‍ വസിച്ച് ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളില്‍ പഠനം തുടരുന്ന ട്രാന്‍സ് നാഷണല്‍ എഡ്യൂക്കേഷനില്‍ 5 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍. കറസ്പോണ്ടന്‍സ് കോഴ്സുകള്‍ വഴി പഠിക്കുന്നവരും ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളുടെ വിദേശ ക്യാമ്പസുകളില്‍ പഠിക്കുന്നവരും ഇതില്‍ ഉള്‍പ്പെടും. ഹൈയര്‍ എഡ്യൂക്കേഷന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സി (ഹെസ) യുടെ കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്.
നിലവില്‍ യു കെയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ആറില്‍ ഒരു വിദ്യാര്‍ത്ഥി വീതം (16 ശതമാനം) വിദേശങ്ങളില്‍ ഇരുന്ന് ടി എന്‍ ഇ സൗകര്യം വഴിയാണ് പഠനം നടത്തുന്നത്. 2022- 2023 വിദ്യാഭ്യാസ വര്‍ഷത്തില്‍ 5,76,705 വിദ്യാര്‍ത്ഥികളാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നത്. അതില്‍ ഏഴു ശതമാനത്തോളം പേര്‍ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളുടെ വിദേശ ക്യാമ്പസുകളില്‍ പഠനം നടത്തുന്നവരാണ്. 25 ശതമാനം പേര്‍ കറസ്‌പോണ്ടന്‍സ് കോഴ്സുകള്‍ വഴിയും. ബാക്കിയുള്ളവര്‍ കൊളാബറേറ്റീവ് പ്രൊവിഷന്‍ പോലെ മറ്റ് സൗകര്യങ്ങള്‍ ഉപയോഗിച്ച് പഠിക്കുന്നവരും.
അതേസമയം, ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലെ ട്രാന്‍സ് നാഷനല്‍ എഡ്യൂക്കേഷന്‍ (ടി എന്‍ ഇ) കൂടുതല്‍ സൂക്ഷ്മമായ നിരീക്ഷണത്തിനും നിയന്ത്രണത്തിനും വിധേയമാകണമെന്ന് ഹൈയ്യര്‍ എഡ്യൂക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് (ഹെപി) നിര്‍ദ്ദേശിക്കുന്നു. യൂണീവേഴ്സിറ്റി ഓഫ് റീഡിംഗ് സ്പോണ്‍സര്‍ ചെയ്ത പഠനത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശം വന്നിരിക്കുന്നത്. വിദേശങ്ങളില്‍ ഇരുന്ന് ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളുടെ ടി എന്‍ ഇ സൗകര്യം ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളുടെ അനുഭവങ്ങളായിരുന്നു ഇവര്‍ പഠന വിധേയമാക്കിയത്.