യു.കെ.വാര്‍ത്തകള്‍

14 ദശലക്ഷം ഡ്രൈവര്‍മാര്‍ റോഡിലേയ്ക്ക്; ട്രാഫിക് ബ്ലോക്കില്‍പെടാതെ മുന്‍കരുതല്‍ സ്വീകരിക്കണം

ക്രിസ്മസിനു മുമ്പുള്ള അവസാന വാരാന്ത്യമായ ഇന്ന് മുതല്‍ ഏതാണ്ട് 14 ദശലക്ഷം ഡ്രൈവര്‍മാര്‍ റോഡിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആര്‍എസി യുടെ കണക്കുകള്‍ പ്രകാരം ഇത് റെക്കോര്‍ഡ് ആണ്. ഇതിനു പുറമെ ചില റെയില്‍വേ ലൈനുകളില്‍ നടക്കുന്ന അറ്റകുറ്റ പണികള്‍ മൂലം ട്രെയിന്‍ ഗതാഗതത്തിനുള്ള തടസവും റോഡുകളിലെ ട്രാഫിക് ഉയരുന്നതിന് കാരണമാകും. ഈ സാഹചര്യത്തില്‍ ട്രാഫിക് ബ്ലോക്കില്‍ പെടാതിരിക്കണമെങ്കില്‍ മുന്‍കരുതല്‍ സ്വീകരിക്കുക.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കും 6 മണിക്കും ഇടയിലുള്ള സമയം ആണ് ഏറ്റവും മോശം ട്രാഫിക് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്നാണ് യാത്ര ചെയ്യുന്നതെങ്കില്‍ രാവിലെ പുറപ്പെടുന്നതാണ് ഉചിതം. യാത്രയില്‍ ഉയര്‍ന്ന ട്രാഫിക് പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ ധാരാളം ഇന്ധനം കരുതണമെന്നും ഫോണുകളിലെ ചാര്‍ജ്ജുകളും ടയറുകളുടെ അവസ്ഥയും വാഹനത്തിന്റെ ലൈറ്റുകളും നല്ല കണ്ടീഷന്‍ ആയിരിക്കണമെന്നും ഓട്ടോമൊബൈല്‍ അസോസിയേഷന്‍ (AA )ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


ഈ വര്‍ഷം ഏറ്റവും തിരക്കേറിയ ഒരു ക്രിസ്മസ് കാലം ആയിരിക്കും എന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടു തന്നെ ഗതാഗത കുരുക്കില്‍ അകപ്പെടുന്ന സാഹചര്യത്തെ നേരിടാന്‍ ഭക്ഷണവും തണുപ്പകറ്റാന്‍ ഉചിതമായ വസ്ത്രങ്ങളും യാത്രക്കാര്‍ കരുതിയിരിക്കണം. കടുത്ത ട്രാഫിക് ബ്ലോക്കുകള്‍ പ്രവചിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനുമുമ്പ് ട്രാഫിക് മുന്നറിയിപ്പുകള്‍ പരിശോധിക്കുന്നതും തിരക്കൊഴിവാകുന്ന സമയത്ത് യാത്ര തിരഞ്ഞെടുക്കുന്നതും ആയിരിക്കും ഉചിതമെന്ന് ഓട്ടോമൊബൈല്‍ അസോസിയേഷനിലെ ക്രിസ് വുഡ് പറഞ്ഞു. അറ്റകുറ്റപ്പണികള്‍ മൂലം വെസ്റ്റ് മിഡ് ലാന്‍ഡ് റെയില്‍വെ പോലുള്ള ട്രെയിന്‍ കമ്പനികളുടെ സേവനങ്ങളില്‍ തടസ്സം നേരിടുമെന്ന മുന്നറിയിപ്പുകള്‍ നല്‍കപ്പെട്ടിട്ടുണ്ട്. യാത്രയ്ക്ക് മുമ്പ് വെബ്സൈറ്റുകള്‍ പരിശോധിക്കണമെന്ന് നെറ്റ്‌വര്‍ക്ക് റെയില്‍ യാത്രക്കാര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം നല്‍കി . ചില ട്രെയിനുകള്‍ അവസാന നിമിഷം റദ്ദാക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബോക്‌സിംഗ് ഡേയും ഡിസംബര്‍ 29 ഉം ഏറ്റവും തിരക്കേറിയ ദിവസങ്ങളായിരിക്കുമെന്നും യാത്രാ സമയം വളരെ കൂടാനും സാധ്യത ഉണ്ടെന്ന് യൂറോസ്റ്റാറും അറിയിച്ചിട്ടുണ്ട് .

ശനി, ഞായര്‍ ദിവസങ്ങളില്‍ 6 മണിക്കൂര്‍ പ്രധാന റൂട്ടുകളിലെ യാത്ര ഒഴിവാക്കണമെന്നാണ് പൊതുവെ ഡ്രൈവര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന പ്രധാന നിര്‍ദ്ദേശം. ആര്‍എസിയും ട്രാന്‍സ്‌പോര്‍ട്ട് അനലിറ്റിക്‌സ് കമ്പനിയായ ഇന്റിക്സും 2013 മുതലുള്ള വിവരങ്ങളെ വിശകലനം ചെയ്താണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

M25, M3, M 1, M23 തുടങ്ങിയ പ്രധാന മോട്ടോര്‍ വേകളില്‍ എല്ലാം ദീര്‍ഘനേരം ട്രാഫിക് ബ്ലോക്കുകള്‍ ഉണ്ടാകുമെന്നാണ് അറിയിപ്പില്‍ പറയുന്നത്. ക്രിസ്മസ് രാവില്‍ 3.8 മില്യണ്‍ കാറുകള്‍ നിരത്തിലിറങ്ങുമെന്നാണ് കരുതപ്പെടുന്നത്. ഈ വര്‍ഷം ക്രിസ്മസ് ബുധനാഴ്ച വരുന്നതിനാല്‍ വാരാന്ത്യങ്ങളിലെ തിരക്ക് നീണ്ടു നില്‍ക്കുമെന്ന് ആര്‍എസി വക്താവ് പറഞ്ഞു. തിരക്കുള്ള സമയം ഒഴിവാക്കി യാത്ര ചെയ്യുന്നതായിരിക്കും സമയത്തിന് എത്തിച്ചേരാനുള്ള മാര്‍ഗമെന്ന് ആര്‍എസി നിര്‍ദ്ദേശിക്കുന്നു.

എന്നാല്‍ ആര്‍എസി നടത്തിയ ഒരു സര്‍വേയില്‍ 53 ശതമാനം ആളുകളും തിരക്കുള്ള സമയങ്ങളില്‍ യാത്ര ആസൂത്രണം ചെയ്തതായിയാണ് കണ്ടെത്തിയിരിക്കുന്നത് . 35 ശതമാനം ആളുകളും ഇത്തരം അവധിക്കാല യാത്രകള്‍ക്ക് പൊതു ഗതാഗതം ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്നില്ല. നിരവധി ആളുകളുമായി ഒട്ടേറെ ലഗേജുമായി യാത്ര ചെയ്യുന്നതിനാലാണ് പൊതു ഗതാഗതം അവധിക്കാല യാത്രകള്‍ക്ക് അനുയോജ്യമായി പലരും കരുതാത്തത്. വര്‍ദ്ധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് ഡിസംബര്‍ 20 മുതല്‍ ജനുവരി 2 വരെ മോട്ടോര്‍ വേകളിലെയും പ്രധാനപാതകളിലെയും അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് നാഷണല്‍ ഹൈവേസ് അറിയിച്ചിട്ടുണ്ട്.

ഉത്സവകാലത്ത് കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ മുന്‍കൂട്ടി യാത്ര ആസൂത്രണം ചെയ്യണമെന്നും നാഷണല്‍ ഹൈവേയുടെ കസ്റ്റമര്‍ സര്‍വീസ് ഡയറക്ടര്‍ പറഞ്ഞു. സമീപകാലത്ത് ഉണ്ടായ കനത്ത മഴയും കൊടുങ്കാറ്റുകളും റോഡുകളുടെ അവസ്ഥ മോശമാക്കിയിട്ടുണ്ട്. ഇതും വാഹനഗതാഗതം ദുഷ്കരമാക്കുമെന്നും ട്രാഫിക് ബ്ലോക്ക് സൃഷ്ടിക്കുന്നതിനും കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതായാലും ഇത്തവണത്തെ ക്രിസ്മസ് സീസണ്‍ യുകെയില്‍ ഉടനീളമുള്ള ഡ്രൈവര്‍മാര്‍ക്ക് കടുത്ത ദുരിതം സമ്മാനിക്കുമെന്ന കാര്യം ഉറപ്പാണ്.

  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions