മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഫേവറിറ്റ് സിനിമകളുടെ ലിസ്റ്റില്‍ ഇടം പിടിച്ച് പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. 2024ല്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തിലാണ് ആദ്യത്തേതായി ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഒബാമ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 77-ാമത് കാന്‍സ് ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് ചിത്രം അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്നത്.
2024ല്‍ കണ്ടതില്‍ തനിക്കിഷ്ടപ്പെട്ട സിനിമകളുടെ ലിസ്റ്റാണ് ഒബാമ പുറത്തുവിട്ടത്. ഇതില്‍ ആദ്യ സ്ഥാനത്താണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. കോണ്‍ക്ലേവ്, ദി പിയാനോ ലെസണ്‍, ദി പ്രോമിസ്ഡ് ലാന്‍ഡ്, ദി സീഡ് ഓഫ് ദി സാക്രെഡ് ഫിഗ്, ഡ്യൂണ്‍: പാര്‍ട്ട് 2, അനോറ, ഡിഡി, ഷുഗര്‍കെയ്ന്‍, എ കംപ്ലീറ്റ് അണ്‍നോണ്‍ എന്നിവയാണ് ഒബാമയുടെ ഇഷ്ടലിസ്റ്റില്‍ ഇടം നേടിയ മറ്റ് ചിത്രങ്ങള്‍.
സിനിമകള്‍ കൂടാതെ ഈ വര്‍ഷത്തെ തന്റെ ഇഷ്ട ഗാനങ്ങളടേയും പുസ്തകങ്ങളുടേയും ലിസ്റ്റും പുറത്തുവിട്ടു. പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളി താരങ്ങളായ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം ഗ്രാന്‍ഡ് പ്രിക്‌സ് അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. ആദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമയ്ക്ക് ഈ അവാര്‍ഡ് ലഭിക്കുന്നത്.