ശരിയത്ത് കോടതികളുടെ പാശ്ചാത്യ തലസ്ഥാനമായി ബ്രിട്ടന്‍ രൂപം മാറുന്നതായി മുന്നറിയിപ്പ്. രാജ്യത്ത് 85 ശരിയത്ത് കോടതികള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതോടെയാണ് ഇത്. ഈ മതസ്ഥാപനങ്ങള്‍ കടുത്ത സ്വാധീനം ചെലുത്താന്‍ തുടങ്ങിയതോടെ യൂറോപ്പിലെയും, നോര്‍ത്ത് അമേരിക്കയിലെയും മുസ്ലീങ്ങള്‍ വിവാഹ, കുടുംബ കാര്യങ്ങളില്‍ വിധി തേടി ബ്രിട്ടനിലേക്ക് യാത്ര ചെയ്യുന്നതാണ് സ്ഥിതി.
രാജ്യത്ത് മറ്റൊരു നിയമവ്യവസ്ഥ രൂപമെടുക്കുന്നതില്‍ നാഷല്‍ സെക്യൂലര്‍ സൊസൈറ്റി ആശങ്ക രേഖപ്പെടുത്തുന്നതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1982-ലാണ് യുകെയില്‍ ആദ്യത്തെ ശരിയത്ത് കൗണ്‍സില്‍ സ്ഥാപിക്കുന്നത്. നിക്കാഹ് മുത്താലാക്ക് പോലുള്ള സ്ത്രീവിരുദ്ധ നിലപാടുകളും ഈ മതകോടതികള്‍ നടപ്പാക്കി നല്‍കുന്നു.
ഗ്രേറ്റ് ബ്രിട്ടന്‍, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ ഇസ്ലാമിക് ശരിയത്ത് കൗണ്‍സില്‍ ഈസ്റ്റ് ലണ്ടനിലെ ലെയ്റ്റണിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ വിവാഹം, തലാഖ്, വിവാഹമോചന നടപടിക്രമങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നുണ്ട്. നാല് ഭാര്യമാര്‍ വരെ പുരുഷന്‍മാര്‍ക്ക് ആകാമെന്നാണ് ശരിയത്ത് കോടതികള്‍ അംഗീകരിച്ചിട്ടുള്ള നയമെന്നും ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇസ്ലാമിക പണ്ഡിതന്‍മാര്‍ നടത്തുന്ന ശരിയത്ത് കോടതികള്‍ വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രധാനമായി കൈകാര്യം ചെയ്യുന്നത്. കണക്കുകള്‍ പ്രകാരം ബ്രിട്ടനില്‍ 100,000-ലേറെ ഇസ്ലാമിക വിവാഹങ്ങള്‍ ഇപ്പോഴും ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
അതേസമയം രാജ്യത്ത് സമാന്തര നിയമവ്യവസ്ഥ പ്രവര്‍ത്തിക്കുന്നത് ആശങ്കാജനകമാണെന്ന് നാഷണല്‍ സെക്യുലര്‍ സൊസൈറ്റി ചൂണ്ടിക്കാണിച്ചു. മുസ്ലീം സ്ത്രീകളും, കുട്ടികളുമാണ് ഈ നിയമങ്ങളില്‍ പ്രധാനമായി അവകാശം ഹനിക്കപ്പെടുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.