ലണ്ടന്‍ : നടിയും എംപിയുമായ കങ്കണ റാണട്ട് ഇന്ദിരാഗാന്ധിയായി വേഷമിട്ട പുതിയ ചിത്രമായ 'എമര്‍ജന്‍സി'യുടെ ലണ്ടനിലെ പ്രദര്‍ശനം തടസപ്പെടുത്താന്‍ ശ്രമം നടത്തി ഖാലിസ്ഥാനികള്‍. ലണ്ടനിലെ ഹാരോ തിയേറ്ററില്‍ നടന്ന പ്രദര്‍ശനം ഖാലിസ്ഥാനി വിഘടനവാദികള്‍ തടസ്സപ്പെടുത്തി. കെട്ടിടത്തിലേക്ക് ഇരച്ചുകയറി 'ഖലിസ്ഥാന്‍ സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. തിയേറ്ററില്‍ സിനിമ ഉടന്‍ നിര്‍ത്തണമെന്ന് അവര്‍ ആവശ്യപ്പെടുകയും സിഖ് സമൂഹത്തെ അതില്‍ തെറ്റായി ചിത്രീകരിച്ചിട്ടുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. തിയേറ്ററിലെ പ്രേക്ഷകരുമായി അവര്‍ രൂക്ഷമായ ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടുവെങ്കിലും വിഘടനവാദികളുടെ ശക്തമായ വാദങ്ങള്‍ അവഗണിച്ച് ചിത്രം തുടരണമെന്ന് പ്രേക്ഷകര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രദര്‍ശനം നടന്നു. സംഭവത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ഖാലിസ്ഥാനികള്‍ സിനിമാ തിയേറ്ററിനുള്ളില്‍ മുദ്രാവാക്യം വിളിക്കുകയും പ്രേക്ഷകരുമായി ഏറ്റുമുട്ടുകയും ചെയ്യുന്നത് ഇതില്‍ കാണാം. എന്നാല്‍ ഇത്രയും വലിയ ബഹളം ഉണ്ടായിട്ടും സിനിമാ തിയേറ്റര്‍ മാനേജ്മെന്റ് ഇതുവരെ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. എന്നിരുന്നാലും ഇത്തരം സാഹചര്യങ്ങള്‍ ഇനി ഒരിക്കലും ഉണ്ടാകാതിരിക്കാന്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് അവര്‍ പറഞ്ഞു.
പ്രാദേശിക പോലീസ് സംഭവം ഗൗരവമായി എടുക്കുകയും സിനിമാ തിയേറ്ററിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. എന്നിരുന്നാലും, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കുറ്റവാളികളെ കണ്ടെത്തി അവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
അതേസമയം, യുകെയിലെ കുറഞ്ഞത് മൂന്ന് സ്ഥലങ്ങളെങ്കിലും 'എമര്‍ജന്‍സി' പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തിവച്ചിട്ടുണ്ട്. ഹൗണ്‍സ്ലോ, ഫെല്‍താം സിനിവേള്‍ഡ്‌സ്, ബര്‍മിംഗ്ഹാം സ്റ്റാര്‍ സിറ്റി വ്യൂ, വോള്‍വര്‍ഹാംപ്ടണ്‍ സിനിവേള്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് ഇത് നീക്കം ചെയ്തതായാണ് വിവരം. സീ സ്റ്റുഡിയോസ് നിര്‍മ്മിച്ച ഈ സിനിമ മുന്‍ പ്രധാനമന്ത്രി അന്തരിച്ച ഇന്ദിരാഗാന്ധിയുടെ ജീവിതത്തിലെ യഥാര്‍ത്ഥ സംഭവങ്ങളെയും 1970 കളില്‍ അവര്‍ ഏര്‍പ്പെടുത്തിയ രാജ്യവ്യാപക അടിയന്തരാവസ്ഥയെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍, ഇന്ദിരവധം എന്നിവയും സിനിമയില്‍ കാണിക്കുന്നുണ്ട്.