യു.കെ.വാര്‍ത്തകള്‍

രണ്ടു മരണങ്ങളുടെ ഞെട്ടലില്‍ യുകെ മലയാളി സമൂഹം; വിടവാങ്ങിയത് നോട്ടിംഗാമിലെ അരുണും സ്റ്റോക്ക്‌പോര്‍ട്ടിലെ ഷാജി എബ്രഹാമും

യുകെ മലയാളി സമൂഹത്തിനു ഞെട്ടലായി രണ്ടു വിയോഗങ്ങള്‍. നോട്ടിംഗാമിലെ അരുണ്‍ ശങ്കരനാരായണന്‍ ആനന്ദും(39) സ്റ്റോക്ക്‌പോര്‍ട്ടിലെ ഷാജി എബ്രഹാ(60)മും ആണ് ഒരേദിവസം വിടപറഞ്ഞത്.

ഏറെക്കാലമായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു പെരുമ്പാവൂര്‍ സ്വദേശിയായ അരുണ്‍ ശങ്കരനാരായണന്‍ ആനന്ദ്. വെള്ളിയാഴ്ച അര്‍ദ്ധരാത്രി 11 മണിയോടെ നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലില്‍ വച്ചാണ് മരണം സംഭവിച്ചത്. യുകെയിലെത്തി ജോലിയില്‍ പ്രവേശിച്ച് സ്വപ്നം കണ്ട ജീവിതം പടുത്തുയര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടെയാണ് അരുണിനെ കാന്‍സര്‍ ബാധിക്കുന്നത്. ഭാര്യ ഷീനയ്ക്കും ഏകമകന്‍ ആരവിനും ഒപ്പമായിരുന്നു നോട്ടിംഗ്ഹാമില്‍ അരുണ്‍ താമസിച്ചിരുന്നത്.

2021ലാണ് അരുണ്‍ യുകെയിലെത്തിയത്. തുടര്‍ന്ന് നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലില്‍ നഴ്സായി ജോലിയില്‍ പ്രവേശിച്ചു. അതിനിടെയാണ് റെക്ടല്‍ കാന്‍സര്‍ ബാധിച്ചത് തിരിച്ചറിയുന്നത്. രോഗം കണ്ടെത്തിയപ്പോള്‍ തന്നെ അഡ്വാന്‍സ്ഡ് സ്റ്റേജില്‍ ആയതിനാല്‍ ചികിത്സയുടെ ഭാഗമായി അരുണ്‍ ജോലിയില്‍ വിട്ടു നില്‍ക്കുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനാല്‍ കഴിഞ്ഞ ആറു മാസമായി നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലിലെ പാലിയേറ്റീവ് വിഭാഗത്തില്‍ അഡ്മിറ്റ് ആയിരുന്നു. ചെറിയ കുട്ടി ഉള്ളതിനാലും അരുണിന് മുഴുവന്‍ സമയ ശുശ്രൂഷ ആവശ്യമുള്ളതിനാലും ഭാര്യ ഷീനയ്ക്കും ജോലിക്കു പോകാന്‍ സാധിച്ചിരുന്നില്ല.

പെരുമ്പാവൂര്‍ വെങ്ങോല സ്വദേശിയായ അരുണ്‍ 2021ല്‍ ആണ് കുടുംബ സമേതം യുകെയില്‍ എത്തിയത്. ഭാര്യ ഷീന ഇടുക്കി ഉപ്പുതറ സ്വദേശി ആണ്. ഏക മകന്‍ ആരവിന് ആറു വയസാണ് പ്രായം. അരുണിന്റെ മരണ വിവരം അറിഞ്ഞപ്പോള്‍ മുതല്‍ തന്നെ സാന്ത്വനവും സഹായ സഹകരണങ്ങളുമായി സുഹൃത്തുക്കളും, സഹപ്രവര്‍ത്തകരും, നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഭാരവാഹികളും കുടുംബത്തോടൊപ്പമുണ്ട്.

സ്റ്റോക്ക് പോര്‍ട്ട് മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യമായിരുന്ന ഷാജി എബ്രഹാമിന്റെ മരണ വാര്‍ത്തയും ഞെട്ടളോടെയാണ് മലയാളി സമൂഹം ശ്രവിച്ചത്. കുറച്ചു കാലമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു ഷാജി. 2004ല്‍ യുകെയിലെത്തിയ ഷാജി അസോസിയേഷന്റെയും കമ്മ്യുണിറ്റിയുടെയും എല്ലാ പ്രവര്‍ത്തനങ്ങളിലും നിറഞ്ഞു നിന്നിരുന്ന ആളാണ്. അതുകൊണ്ടുതന്നെ ഷാജിയുടെ വേര്‍പാട് കുടുംബത്തോടൊപ്പം തന്നെ മലയാളി സമൂഹത്തിനും വേദന പകരുന്നതാണ്.

മിനി മാത്യു ആണ് ഷാജിയുടെ ഭാര്യ. ഡാന യോല്‍, റേച്ചല്‍ എന്നിവര്‍ മക്കളാണ്. നാട്ടില്‍ ഇടുക്കി കട്ടപ്പന എടത്തൊട്ടിയില്‍ കുടുംബാംഗമാണ്.

  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions