സാമൂഹികമാധ്യമങ്ങള്‍ വഴി സ്ത്രീത്വത്തെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസ്. കൊച്ചി എളമക്കര പോലീസാണ് തിങ്കളാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഏതാനും ദിവസമായി നടിയെ പരാമര്‍ശിച്ചും ടാഗ് ചെയ്തും സംവിധായകന്‍ ഒട്ടേറെ പോസ്റ്റുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
നടിയെ പരാമര്‍ശിച്ച് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുന്ന പോസ്റ്റുകളില്‍ അവരുടെ ജീവിതം അപകടത്തിലാണെന്ന് സനല്‍ പറഞ്ഞിരുന്നു. നടിയുടേതെന്ന പേരില്‍ ചില ഓഡിയോ സംഭാഷണങ്ങളും പുറത്തുവിട്ടു. പിന്നാലെ, നടി അഭിനയിച്ച് സനല്‍ സംവിധാനം ചെയ്ത സിനിമ സാമൂഹികമാധ്യമങ്ങള്‍ വഴി സൗജന്യമായി റിലീസ് ചെയ്തിരുന്നു. ഇയാളിപ്പോള്‍ അമേരിക്കയിലാണെന്നാണ് വിവരം.
നേരത്തേ, ഇതേ നടിയുടെ പരാതിയില്‍ പോലീസ് സനലിനെ അറസ്റ്റ് ചെയ്തിരുന്നു. 2022 മേയില്‍ അറസ്റ്റിലായ സനലിനെ ജാമ്യത്തില്‍ വിടുകയായിരുന്നു. എളമക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തിരുവനന്തപുരം പാറശ്ശാലയില്‍നിന്നാണ് അന്ന് സനല്‍ അറസ്റ്റിലായത്. ആലുവ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
സോഷ്യല്‍മീഡിയ വഴിയും ഫോണ്‍ വഴിയും ബന്ധുക്കളും സുഹൃത്തുക്കളും വഴിയും സനല്‍കുമാര്‍ ശശിധരന്‍ നിരന്തരം പ്രണയാഭ്യര്‍ഥന നടത്തുന്നതായും പിന്തുടര്‍ന്ന് ശല്യംചെയ്യുന്നതായുമായിരുന്നു പരാതി.