പ്രയാഗ്രാജിലെ മഹാകുംഭമേളയ്‌ക്കിടെ വൈറലായ മൊണാലിസ ബോണ്‍സ്ലെ എന്ന നീലക്കണ്ണുകളുള്ള പെണ്‍കുട്ടി ഇനി സിനിമയില്‍. പ്രശസ്ത സംവിധായകന്‍ സനോജ് മിശ്രയുടെ ‘ഡയറി ഓഫ് മണിപ്പൂര്‍’ ചിത്രത്തിലൂടെയാണ് മൊണാലിസയുടെ ബോളിവുഡ് അരങ്ങേറ്റം. മദ്ധ്യപ്രദേശിലെ ഖര്‍ഗോണിലുള്ള മൊണാലിസയുടെ വീട്ടില്‍ എത്തിയാണ് സംവിധായകന്‍ ആദ്യ സിനിമയുടെ കരാര്‍ ഒപ്പുവെച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും പുറത്ത് വന്നിട്ടുണ്ട്.
മൊണാലിസയുടെ വേഷം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. സിനിമയില്‍ കരസേനാ ഉദ്യോഗസ്ഥന്റെ മകളായാണ് പെണ്‍കുട്ടി അഭിനയിക്കുന്നതെന്നാണ് സൂചന. ’രാമജന്മഭൂമി’, ‘ദി ഡയറി ഓഫ് വെസ്റ്റ് ബംഗാള്‍’, ‘കാശി ടു കാശ്മീര്‍’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സനോജ് മിശ്ര.
മാല വില്‍പ്പനയ്‌ക്കായാണ് മൊണാലിസയും കുടുംബവും പ്രയാഗ്രാജില് എത്തിയത്. ഇതിനിടെ അപ്രതീക്ഷിതമായി പെണ്‍കുട്ടിയുടെ നിഷ്കളങ്കമായ പുഞ്ചിരിയും നീലക്കണ്ണുകളും ഏതോ വ്ലോഗറുടെ ക്യാമറയില്‍ പതിഞ്ഞു. ഇതോടെ മൊണാലിസ സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നു. ഓണ്‍ലൈനില്‍ ആരാധകര്‍ ‘ബ്രൗണ്‍ ബ്യൂട്ടി’ എന്നാണ് പെണ്‍കുട്ടിക്ക് നല്‍കിയ പേര്. പെണ്‍കുട്ടിയുടെ വീഡിയോ രണ്ട്കോടിയിലധികം പേരാണ് കണ്ടത്.
ദേശീയ- പ്രാദേശിക മാധ്യമങ്ങളിലും മൊണാലിസ വാര്‍ത്തയായി. ഇതിന് പിന്നാലെ നിരവധി പേരാണ് ഇന്റര്‍വ്യൂവെന്നും സെല്‍ഫിയെന്നും പറഞ്ഞ് പെണ്‍കുട്ടിയെ സമീപിക്കാന്‍ തുടങ്ങിയത്.ശല്യം വര്‍ദ്ധിച്ച് വന്നതോടെ മൊണലിസയെ പിതാവ് ഇന്‍ഡോറിലേക്ക് തിരിച്ചയച്ചിരുന്നു.