ബി ഉണ്ണികൃഷ്ണനെ ഫെഫ്കയില്‍ നിന്നും പുറത്താക്കില്ലെന്ന് സംവിധായകന്‍ സിബി മലയില്‍. നിര്‍മ്മാതാവ് സാന്ദ്ര തോമസിന് പരാതി ഉണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടത് ഫെഫ്ക അല്ല. ബി ഉണ്ണികൃഷ്ണന്‍ പങ്കെടുക്കാത്ത നിര്‍മാതാക്കളുടെ സംഘടനാ ചര്‍ച്ചയില്‍ നടന്ന പ്രശ്‌നത്തില്‍ ഉണ്ണിക്കൃഷ്ണനെതിരെ പരാതി പറഞ്ഞു എന്നതു കൊണ്ട് അദ്ദേഹത്തെ ഫെഫ്കയില്‍ നിന്നും പുറത്താക്കേണ്ട ആവശ്യമില്ല എന്നാണ് സിബി മലയില്‍ പറയുന്നത്. മിഥുന്‍ മാനുവല്‍, ജൂഡ് ആന്റണി എന്നിവരുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസിനുണ്ടായിരുന്ന പ്രശ്‌നങ്ങളെ കുറിച്ചടക്കം വിശദീകരിച്ചാണ് സിബി മലയില്‍ സംസാരിച്ചത്.
'ബി ഉണ്ണികൃഷ്ണനെ ടാര്‍ഗറ്റ് ചെയ്തുകൊണ്ട് ഒരു തെറ്റിദ്ധാരണ വരുത്തുന്ന നീക്കം നടക്കുന്നുണ്ട്. അത് ഉണ്ണികൃഷ്ണനെ മാത്രമല്ല ഉണ്ണികൃഷ്ണന്‍ വഴി ഫെഫ്ക എന്ന സംഘടനയെയാണ് ടാര്‍ഗറ്റ് ചെയ്യുന്നത്. സാന്ദ്ര തോമസ് ഞങ്ങളുടെ സംഘടനയുടെ അംഗമല്ല. അവര്‍ക്കുണ്ടാകുന്ന പരാതികള്‍ അവര്‍ നിര്‍മ്മാതാക്കളുടെ സംഘടനയാണ് കൊടുക്കേണ്ടത്. പക്ഷേ അവര്‍ അതിന് പകരം എല്ലാ ആരോപണങ്ങളും ഉണ്ണികൃഷ്ണന്റെ മേലേക്കാണ് വയ്ക്കുന്നത്. അവരുടെ നിരവധി പരാതികള്‍ക്കും തര്‍ക്കങ്ങള്‍ക്കും അവരുമായിട്ട് ചര്‍ച്ച നടത്തി പരിഹാരം കണ്ടത് ഉണ്ണികൃഷ്ണനാണ്.'
'ഒരു ഘട്ടത്തിലും അവരോട് നിസ്സഹരണം പ്രഖ്യാപിച്ചിട്ടില്ല. മറിച്ച് അവര്‍ക്ക് നഷ്ടപരിഹാരം വാങ്ങിച്ചു കൊടുത്തിട്ടേ ഉള്ളൂ. പല കേസുകളിലും അവര്‍ ആവശ്യപ്പെട്ട അവര്‍ക്ക് നഷ്ടപരിഹാരം അതിന്റെ ന്യായങ്ങള്‍ മനസിലാക്കി അത് മേടിച്ചു കൊടുക്കുന്ന രീതി തന്നെയാണ് തുടര്‍ന്ന് വന്നത്. ജൂതന്‍ എന്ന സിനിമയുമായിട്ട് ബന്ധപ്പെട്ട ഒരു മീറ്റിങ്ങിനെ കുറിച്ച് അവര്‍ പലയിടത്തും പറയുന്നുണ്ട്. ഭദ്രന്‍ സംവിധാനം ചെയ്യേണ്ട സിനിമയാണ് ജൂതന്‍. അതിന്റെ നിര്‍മ്മാതാവ് ഇവരല്ല. എന്നിട്ട് പോലും ആ സിനിമ നടക്കാതെ പോയത് കാരണം അവര്‍ ആവശ്യപ്പെടുന്നത് ഒരു കോടി രൂപ നഷ്ടപരിഹാരമാണ്.”
സാന്ദ്ര തോമസുമായിട്ട് ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും അവര്‍ക്ക് അനുകൂലമായ പരിഹാരം കണ്ടെത്തിക്കൊടുത്ത ഒരു വ്യക്തിയാണ് ബി. ഉണ്ണികൃഷ്ണനും ഫെഫ്ക എന്ന സംഘടനയും' എന്നാണ് സിബി മലയില്‍ പറയുന്നത്.