യു.കെ.വാര്‍ത്തകള്‍

അരുണ്‍ വിന്‍സെന്റിന് കണ്ണീരില്‍ കുതിര്‍ന്ന യാതാമൊഴിയേകി വില്‍ഷെയര്‍ മലയാളി സമൂഹം

അരുണ്‍ വിന്‍സെന്റിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി സ്വിന്‍ഡനിലെ മലയാളി സമൂഹം. വില്‍ഷെയര്‍ മലയാളി സമൂഹവും ബന്ധുമിത്രാദികളും ചേര്‍ന്നടങ്ങിയ വലിയൊരു മലയാളി സമൂഹമാണ് അന്ത്യോപചാരമര്‍പ്പിക്കുവാന്‍ സ്വിന്‍ഡനിലെ ഹോളി ഫാമിലി ചര്‍ച്ചില്‍ ഒത്തുചേര്‍ന്നത്. ഉറക്കത്തിലെന്ന പോലെ ശാന്തനായി കിടന്ന അരുണിന്റെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടി കരയുകയായിരുന്നു ഭാര്യയും മക്കളും സുഹൃത്തുക്കളുമെല്ലാം. പ്രിയപ്പെട്ടവനരികെ അദ്ദേഹത്തിന്റെ മുടിയിഴകള്‍ തലോടി ലിയ നിന്നപ്പോള്‍ കണ്ടുനിന്നവര്‍ക്കും ആ കാഴ്ച സഹിക്കാന്‍ കഴിയുമായിരുന്നില്ല.

കാലത്തില്‍ യാത്രയാകേണ്ടിവന്ന അരുണ്‍ വിന്‍സെന്റിന്റെ പൊതുദര്‍ശന ശുശ്രൂഷകള്‍ ദുഃഖം ഏറെ തളം കെട്ടി നിന്ന അന്തരീക്ഷത്തിലാണ് നടന്നത്. കുറച്ചു കാലമായി ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്നു 37കാരനായിരുന്ന അരുണ്‍ വിന്‍സെന്റ്. നാട്ടില്‍ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ അരുണ്‍ മരണം സംഭവിക്കുന്നതിനു ദിവസങ്ങള്‍ക്കു മുമ്പാണ് അനിയത്തിയുടെ വിവാഹം കൂടി യുകെയിലേക്ക് തിരിച്ചെത്തിയത്. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ഇക്കഴിഞ്ഞ ജനുവരി 23ന് മരണം സംഭവിക്കുകയും ആയിരുന്നു.

ലിയാ അരുണ്‍ ആണ് ഭാര്യ. ഇവര്‍ക്ക് മക്കളായി ആറും നാലും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളാണുള്ളത്. ടൗണ്‍ സെന്ററിലാണ് ഇവര്‍ കുടുംബസമേതം താമസിച്ചിരുന്നത്. അരുണിന്റെ വിയോഗത്തില്‍ തളര്‍ന്നുപോയ കുടുംബത്തോടൊപ്പം വലിയ സാന്ത്വനമായി വില്‍ഷെയര്‍ മലയാളി സമൂഹം കൂടെയുണ്ട്. അരുണിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്നു വരികയാണ്.

അസോസിയേഷന്റെ നേതൃത്വത്തില്‍ ഏറെ ഭംഗിയായും ചിട്ടയായും ആണ് പൊതുദര്‍ശന വേള ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ക്രമീകരിക്കപ്പെട്ടത്. പൊതുദര്‍ശനത്തോടനുബന്ധിച്ച് നടത്തപ്പെട്ട വിശുദ്ധ കുര്‍ബാനയില്‍ ഫാദര്‍ ഷാല്‍ബിന്‍ മരോട്ടിക്കുഴി മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട അനുശോചന സമ്മേളനത്തില്‍ പ്രസിഡന്റ് ജിജി സജി അധ്യക്ഷത വഹിച്ച് അനുശോചനമറിയിച്ചു.

വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി ഷിബിന്‍ വര്‍ഗീസ് അനുശോചനയോഗം ഏറെ കൃത്യതയോടെ ക്രോഡീകരിച്ചു. പൊതുദര്‍ശനത്തോടനുബന്ധിച്ച് നടത്തിയ അനുശോചന സമ്മേളനത്തില്‍ അബ്രഹാം മാര്‍ സ്‌തേഫാനോസ് മെട്രോപൊളിറ്റന്‍ തിരുമേനി അനുശോചനം അറിയിച്ചു പ്രാര്‍ത്ഥിച്ചു. ഹോളി ഫാമിലി പള്ളി ഇടവക വികാരി ഫാദര്‍ നാം ഡി ഓബി, ക്‌നാനായ ജാക്കോബൈറ്റ് കമ്മ്യൂണിറ്റിക്ക് വേണ്ടി ഫാദര്‍ സിജോ ജോസഫ്, സെന്റ് ജോര്‍ജ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിനെ പ്രതിനിധീകരിച്ച് ഫാദര്‍ എബി ഫിലിപ്പ്, ഇന്ത്യന്‍ പെന്തകൊസ്തു കമ്മ്യൂണിറ്റി, സീനായി മിഷനുവേണ്ടി പാസ്റ്റര്‍ സിജോ ജോയ് എന്നിവര്‍ പ്രാര്‍ത്ഥനാപൂര്‍വ്വം അന്ത്യോപചാരമാര്‍പ്പിച്ചു.

തുടര്‍ന്ന് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് പ്രിന്‍സ്‌മോന്‍ മാത്യു, ജിജി വിക്ടര്‍, ഗ്രേറ്റ് വെസ്റ്റേണ്‍ ഹോസ്പിറ്റലിലെ വിവിധ വാര്‍ഡുകളെ പ്രതിനിധീകരിച്ചു വാര്‍ഡ് പ്രതിനിധികളും അന്തിമോപചാരമര്‍പ്പിച്ചു. സീറോ മലബാര്‍ സ്വിന്‍ഡന്‍ കമ്മ്യൂണിറ്റിക്ക് വേണ്ടി ജോര്‍ജ് കുര്യാക്കോസും ബേബി ചീരനും അനുശോചനം അറിയിച്ചു. സ്വിന്‍ഡന്‍ ക്‌നാനായ മിഷനുവേണ്ടി മാത്യു ജെയിംസ്, വിവിധ സംഘടനകളെയും കൂട്ടായ്മകളെയും പ്രതിനിധീകരിച്ച് റെയ്മോള്‍ നിധീരി, പൂര്‍ണിമ മേനോന്‍, അഞ്ജന സുജിത്ത് എന്നിവര്‍ അനുശോചനം അര്‍പ്പിച്ചു.

തുടര്‍ന്ന് അരുണ്‍ വിന്‍സെന്റിന്റെ കുടുംബത്തിന് വേണ്ടി റോസ്മിയും വില്‍ഷെയര്‍ മലയാളി അസോസിയേഷനുവേണ്ടി ട്രഷറര്‍ കൃതീഷ് കൃഷ്ണന്‍ നന്ദിയും അറിയിച്ചു. ശവസംസ്‌കാര തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions