ക്രിപ്‌റ്റോകറന്‍സി തട്ടിപ്പ് കേസില്‍ തെന്നിന്ത്യന്‍ നടിമാരായ തമന്ന ഭാട്ടിയ, കാജല്‍ അഗര്‍വാള്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ പുതുച്ചേരി പൊലീസ്. 60 കോടി രൂപയുടെ ക്രിപ്‌റ്റോകറന്‍സി തട്ടിപ്പ് കേസിലാണ് പൊലീസിന്റെ നീക്കം. ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കമ്പനിയുടെ ഉദ്ഘാടനത്തിലും പ്രചാരണ പരിപാടികളിലും നടിമാര്‍ പങ്കെടുത്തിരുന്നു.
കേസില്‍ അറസ്റ്റിലായവരില്‍ നിന്നാണ് നടിമാരുടെ പങ്കാളിത്തത്തെക്കുറിച്ച് സൂചന ലഭിച്ചത്. പുതുച്ചേരിയില്‍ നിന്നുള്ള 10 പേരില്‍ നിന്ന് 2.40 കോടി തട്ടിയെന്നാണ് പരാതി. 2022ല്‍ നടി തമന്ന ഉള്‍പ്പെടെയുള്ള സിനിമാ രംഗത്തെ പ്രമുഖരെ അണിനിരത്തിയായിരുന്നു കമ്പനിയുടെ തുടക്കം. മൂന്ന് മാസത്തിന് ശേഷം നടി കാജല്‍ അഗര്‍വാ ലും കമ്പനിയുടെ പരിപാടിയില്‍ പങ്കെടുത്തു.
ചെന്നൈയിലെ മഹാബലിപുരത്തെ നക്ഷത്ര ഹോട്ടലില്‍ കമ്പനിയുടെ പരിപാടിയില്‍ പങ്കെടുത്ത കാജല്‍ 100 പേര്‍ക്കു കാറുകള്‍ സമ്മാനമായി നല്‍കി. മുംബൈയില്‍ നടന്ന പരിപാടിയിലും അവര്‍ പങ്കെടുത്തതായി പൊലീസ് പറയുന്നു. ഇരുവര്‍ക്കും കമ്പനിയില്‍ പങ്കാളിത്തമുണ്ടോയെന്ന സംശയത്തെ തുടര്‍ന്നാണു ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.