ഉണ്ണി മുകുന്ദന്റെ 'മാര്‍ക്കോ' സിനിമയ്ക്ക് വിലക്കിട്ട് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് (സിബിഎഫ്‍സി) പ്രദര്‍ശനാനുമതി നിഷേധിച്ചത്. യു അല്ലെങ്കില്‍ യു/ എ കാറ്റഗറിയിലേക്ക് മാറ്റാന്‍ പറ്റാത്ത അത്ര വയലന്‍സ് സിനിമയില്‍ ഉണ്ടെന്നായിരുന്നു വിലയിരുത്തല്‍. കൂടുതല്‍ സീനുകള്‍ വെട്ടിമാറ്റി വേണമെങ്കില്‍ നിര്‍മ്മാതാക്കള്‍ക്ക് വീണ്ടും അപേക്ഷിക്കാം.
ഒടിടി പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. 'എ' സര്‍ട്ടിഫിക്കറ്റ് ആയതുകൊണ്ടാണ് നടപടിയെന്ന് സെന്‍ല്‍ ബോര്‍ഡ് ഓഫ് ഫിലീം സര്‍ട്ടിഫിക്കേഷന്റെ കേരള റീജിയന്‍ മേധാവി നദീം തുഫേല്‍ വിശദീകരിച്ചു. മാര്‍ക്കോയ്ക്ക് തീയറ്റര്‍ പ്രദര്‍ശനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും വിശദീകരണം. സിനിമകളുടെ സര്‍ട്ടിഫിക്കറ്റ് ഏതാണെന്ന് പ്രേക്ഷകര്‍ക്ക് മനസിലാകുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും നദീം തുഫേല്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ മലയാള സിനിമയില്‍ നിന്നുള്ള വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു മാര്‍ക്കോ. മലയാളത്തിലെ ഏറ്റവും വയലന്റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയമാണ് നേടിയത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയവുമാണ് ബോക്സ് ഓഫീസില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മാര്‍ക്കോ.
എന്നാല്‍ കേരളത്തില്‍ വര്‍ധിച്ച് വരുന്ന, യുവാക്കള്‍ പ്രതികളാവുന്ന ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സിനിമകള്‍ ചെലുത്തുന്ന സ്വാധീനവും ചര്‍ച്ചയായിരുന്നു. ഇത്തരം ചര്‍ച്ചകളില്‍ എടുത്ത് പറയപ്പെട്ടിരുന്ന ചിത്രങ്ങളിലൊന്നാണ് മാര്‍ക്കോ. ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സമയത്തും വയലന്‍സ് രംഗങ്ങളെ വിമര്‍ശിച്ചവര്‍ ഉണ്ടായിരുന്നു.