ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
കോട്ടയം ഏറ്റുമാനൂരില്‍ അമ്മയും രണ്ടു പെണ്‍മക്കളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കസ്‌റ്റഡിയില്‍. തൊടുപുഴ ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഭാര്യയുടെയും മക്കളുടെയും മരണത്തില്‍ ഭര്‍ത്താവ് നോബിക്ക് പങ്കുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
ഏറ്റുമാനൂര്‍ എസ്എച്ച്ഒ എഎസ് അന്‍സലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നോബി ലൂക്കോസിനെ കസ്‌റ്റഡിയിലെടുത്തത്. ഭാര്യയേയും മക്കളെയും ആത്മഹത്യയിലേക്ക് തള്ളി വിട്ടതില്‍ നോബിക്ക് പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കസ്റ്റഡിയില്‍ എടുത്ത നോബിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.
ഇക്കഴിഞ്ഞ കഴിഞ്ഞ വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ് നോബിയുടെ ഭാര്യ ഷൈനി (43) മക്കളായ അലീന എലിസബത്ത്(11), ഇവാന മരിയ(10) എന്നിവര്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു ഷൈനി. ഭര്‍ത്താവ് നോബി ലൂക്കോസുമായി പിരിഞ്ഞു കഴിഞ്ഞ ഷൈനി പെണ്‍മക്കള്‍ക്കൊപ്പം പറോലിക്കലിലെ സ്വന്തം തറവാട് വീട്ടിലായിരുന്നു കഴിഞ്ഞ ഒമ്പത് മാസമായി താമസം. മരിച്ച അലീനയും ഇവാനയും തെള്ളകം ഹോളിക്രോസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു.
സംഭവ ദിവസം പുലര്‍ച്ചെ 5.25ന് പള്ളിയിലേക്ക് പോകുകയാണെന്ന് പറഞ്ഞു പോയ ഷൈനിയേയും മക്കളെയും പിന്നീട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് മക്കളെയും കൂട്ടി ഷൈനി ജീവനൊടുക്കിയതെന്നാണ് പൊലീസ് നിഗമനം. അതേസമയം നഴ്സായിരുന്ന ഷൈനി ജോലിയൊന്നും ലഭിക്കാത്തതിനാല്‍ നിരാശയിലായിരുന്നുവെന്നുള്ള വിവരവും പുറത്ത് വന്നിരുന്നു.