യു.കെ.വാര്‍ത്തകള്‍

വടക്കന്‍ അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു; ബെല്‍ഫാസ്റ്റില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് തുറന്നു


ബെല്‍ഫാസ്റ്റ്: ഇന്ത്യക്കാരുടെ എണ്ണം അതിവേഗം കൂടുന്ന വടക്കന്‍ അയര്‍ലന്‍ഡില്‍ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഇവിടെ ഇന്ത്യന്‍ ജനതയുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മികച്ച സേവനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ബെല്‍ഫാസ്റ്റില്‍ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് തുറന്നത്.


മികച്ച സേവനം നല്‍കുകയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്‍ഗണനയെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ പറഞ്ഞു. ബെല്‍ഫാസ്റ്റില്‍ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെല്‍ഫാസ്റ്റ് സിറ്റി ഹാളിനു സമീപം ക്ലാരന്‍സ് ഹൗസില്‍ മൂന്നു നിലകളിലായി 60ല്‍ പരം ഇരിപ്പിടങ്ങളുമായാണ് പുതിയ കോണ്‍സുലേറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ലോകമെങ്ങും നോക്കിയാല്‍ ഇന്ത്യ - യുകെ ബന്ധം കൂടുതല്‍ ശക്തമാകുന്നതു കാണാനാകും. പുതിയ സര്‍ക്കാര്‍ നയരൂപീകരണ സമയത്തു തന്നെ ഇന്ത്യന്‍ ജനത ഇവിടെ വര്‍ധിച്ചു വരുന്നതു മനസിലാക്കുകയും ഇവിടെ കോണ്‍സുലേറ്റ് സ്ഥാപിക്കുന്നത് തീരുമാനിക്കുകയും ചെയ്തിരുന്നതാണ്.


യുകെയ്ക്കും യൂറോപ്യന്‍ യൂണിയനും ഇടയിലുള്ള ഭൂപ്രദേശം എന്ന നിലയില്‍ പുതിയ കോണ്‍സുലേറ്റ് ഏറെ നിര്‍ണായകമാണ്. ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനുമായി ബന്ധിപ്പിക്കുന്ന കേന്ദ്രമായി പ്രവര്‍ത്തിക്കാനും കോണ്‍സുലേറ്റിനു സാധിക്കും. രാജ്യങ്ങളുമായുള്ള ബന്ധം വര്‍ധിക്കുന്നത് വാണിജ്യ, വ്യവസായ, വിദ്യാഭ്യാസ സാധ്യതകളെ ഉയര്‍ത്തുന്നുണ്ട്.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡുമായുള്ള ബന്ധം കൂടുതല്‍ സുദൃഢമാക്കും. ഉല്‍പാദനത്തില്‍ ചരിത്രപ്രാധാന്യമുള്ള യുകെയുടെ ഭാഗമാണ് ഈ രാജ്യം. ഇവിടെ നിരവധി വ്യവസായ സാന്നിധ്യങ്ങളും കപ്പല്‍ നിര്‍മാണവും സജീവമായി നടക്കുന്നുണ്ട്. അതേ സമയം തന്നെ ഐടി കമ്പനികളുടെ സാന്നിധ്യവും എടുത്തു പറയേണ്ടതാണ്. ഇവിടെയുള്ള ക്വീന്‍സ് യൂണിവേഴ്‌സിറ്റി ഇന്ത്യയില്‍ കേന്ദ്രം സ്ഥാപിക്കുന്ന വിവരവും മന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണം വര്‍ധിക്കുന്നത് യാത്രകള്‍ എളുപ്പമാകുന്നതിനു സാഹചര്യമൊരുക്കും. ഇന്ത്യന്‍ സമൂഹത്തിനു കൂടുതല്‍ സഹായകരമായ തീരുമാനങ്ങളുണ്ടാകും. വിദ്യാഭ്യാസം മെച്ചപ്പെടും ഇതെല്ലാം ഗുണകരമായിരിക്കും.

ബെല്‍ഫാസ്റ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ കോണ്‍സുലേറ്റ് തുറക്കുന്നത് നല്ല തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലിനു യുകെയില്‍ എത്തിയ മന്ത്രി 9നു മടങ്ങും.

കഴിഞ്ഞ ജി20 സമ്മിറ്റിലാണ് യുകെയില്‍ പുതിയതായി രണ്ട് ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. നിലവില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഇന്ത്യന്‍ സമൂഹം ലണ്ടന്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള സേവനങ്ങളാണ് ഉപയോഗിക്കുന്നത്. ബെല്‍ഫാസ്റ്റ് വിഎഫ്എസ് വഴിയുള്ള പരിമിതമായ സേവനം

മതിയാകാതെ വന്നതോടെ കോണ്‍സുലേറ്റ് എന്ന ആവശ്യവും ശക്തമായി ഉയര്‍ന്നിരുന്നു. വരും ദിവസങ്ങളില്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തനം സജീവമാകുന്നതോടെ പാസ്‌പോര്‍ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കാലതാമസമില്ലാതെ ലഭ്യമാകുമെന്ന പ്രതീക്ഷയാണുള്ളത്. അതേ സമയം ആരായിരിക്കും ബെല്‍ഫാസ്റ്റ് കോണ്‍സല്‍ ജനറല്‍ എന്ന കാര്യത്തില്‍ പ്രഖ്യാപനം ഉണ്ടായിട്ടില്ല. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് അസംബ്ലി സ്പീക്കര്‍ എഡ്വിന്‍ പൂട്ട്‌സ്, ബെല്‍ഫാസ്റ്റ് മേയര്‍ മിക്ക് മുറെ, ദില്‍ജിത് റാണ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions