ലണ്ടനില്‍ പാശ്ചാത്യ ക്ലാസിക്കല്‍ സിംഫണി അവതരിപ്പിച്ച് സംഗീത സംവിധായകന്‍ ഇളയരാജ. ഞായറാഴ്ച രാത്രി ലണ്ടനിലെ ഇവന്റിം അപ്പോളോ തീയേറ്ററിലായിരുന്നു ഇളയരാജയുടെ കരിയറിലെ ആദ്യത്തെ പാശ്ചാത്യ ക്ലാസിക്കല്‍ സിംഫണിയായ 'വാലിയന്റ്' എന്ന പരിപാടി അരങ്ങേറിയത്.
ഇതാദ്യമായാണ് ഇന്ത്യന്‍ സിനിമാ മേഖലയില്‍ നിന്നുള്ള ഒരു സംഗീത സംവിധായകന്‍ ലണ്ടനില്‍ പാശ്ചാത്യ ക്ലാസിക്കല്‍ സിംഫണി അവതരിപ്പിക്കുന്നത്. റോയല്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയാണ് അദ്ദേഹത്തിനൊപ്പം സിംഫണിയില്‍ പങ്കുചേര്‍ന്നത്. ഇളയരാജയുടെ തന്നെ ജനപ്രിയ ഗാനങ്ങളുടെ അവതരണവും വേദിയില്‍ അരങ്ങേറി.
ഇതോടെ ഇന്ത്യന്‍ സിനിമാ മേഖലയില്‍ നിന്ന് ലണ്ടനില്‍ ഇത്തരമൊരു പരിപാടി അവതരിപ്പിക്കുന്ന ആദ്യ സംഗീതഞ്ജനായി ഇളയരാജ മാറി. പാശ്ചാത്യ സംഗീത ഘടകങ്ങള്‍ സിനിമാ സംഗീതത്തിനായി ഉപയോഗിച്ച ആദ്യത്തെ ഇന്ത്യക്കാരനും മുഴുനീള സിംഫണി രചിച്ച ആദ്യ സംഗീതഞ്ജനുമായി ഇളയരാജ മാറി.
റോയല്‍ സ്കോട്ടിഷ് നാഷണല്‍ ഓര്‍ക്കസ്ട്രയ്ക്കൊപ്പമാണ് ഇളയരാജ വാലിയന്റ് റെക്കോര്‍ഡ് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ നേരത്തെ ഇളയരാജ പങ്കുവെച്ചിരുന്നു. ഓര്‍ക്കസ്ട്രയിലെ അംഗങ്ങളെ പരിചയപ്പെടുന്ന ഇളയരാജയയെ ദൃശ്യങ്ങളില്‍ കാണാം.