അഭിനയത്തില്‍ നിന്ന് താത്ക്കാലിക വിശ്രമമെടുത്ത് മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടി. വന്‍കുടലില്‍ അര്‍ബ്ബുദത്തിന്റെ പ്രാഥമിക ലക്ഷണം കണ്ടതിനെത്തുടര്‍ന്ന് ഇന്നു മുതല്‍ ചെന്നൈയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹം റേഡിയേഷന് വിധേയനാകും. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രചരിക്കുന്നതുപോലെ യാതൊരുവിധ ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് അദ്ദേഹത്തെ പ്രാഥമിക പരിശോധനയ്ക്കു വിധേയമാക്കിയ മെഡിക്കല്‍ വിദഗ്ധര്‍ പറഞ്ഞു.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ അഭിനയിച്ച് വരികയായിരുന്നു മമ്മൂട്ടി. മോഹന്‍ലാലും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും നയന്‍താരയുമുള്‍പ്പെടെ വന്‍ താരനിരയുള്ള ചിത്രമാണിത്. ഇതിന്റെ ചിത്രീകരണത്തില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്താണ് ചികിത്സ. റേഡിയേഷന്‍ കഴിഞ്ഞാല്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. കീമോയുള്‍പ്പെടെ തുടര്‍ ചികിത്സ ആവശ്യമാണോയെന്നും തീരുമാനിക്കും. ശസ്ത്രക്രിയ ആവശ്യമായി വന്നാല്‍ അമേരിക്കയില്‍ പോയി വിദഗ്ധപരിശോധന നടത്താനും ആലോചിക്കുന്നുണ്ട്.
ചെന്നൈയിലെ വസതിയില്‍ നിന്നും തേനാംപെട്ടിലുള്ള ആശുപത്രിയില്‍ എന്നും പോയി മടങ്ങത്തക്കവിധമാണ് റേഡിയേഷന്‍ ക്രമീകരിച്ചിട്ടുള്ളതെന്നറിയുന്നു. നേരത്തെ തന്നെ രോഗനിര്‍ണയം നടന്നതിനാല്‍ പ്രാഥമിക ചികിത്സകൊണ്ട് പൂര്‍ണആരോഗ്യവാനായി മമ്മൂട്ടിക്ക് മടങ്ങിയെത്താന്‍ കഴിയും. ഭാര്യ സുല്‍ഫത്ത്, മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍, ഭാര്യ , മകള്‍ സുറുമി, മകളുടെ ഭര്‍ത്താവ് ഡോക്ടര്‍ കൂടിയായ മുഹമ്മദ് റെഹാന്‍ സയിദ് തുടങ്ങി കുടുംബാംഗങ്ങള്‍ എല്ലാവരും ഒപ്പമുണ്ട്.