യുകെയിലെത്തുന്ന കുടിയേറ്റക്കാരുടെ ഏറ്റവും വലിയ സ്വപ്നമാണ് ഒരു വീട് സ്വന്തമാക്കുക എന്നത്. ഇന്നത് വലിയ പ്രയാസമേറിയ കാര്യമാണ്. ലണ്ടനിലൊക്കെ വീട് എന്നത് ചിന്തിക്കാനാവാത്ത കാര്യമാണ്. വാടകയ്ക്ക് താമസിക്കാന്‍ കഴിയുന്ന വീടുകളുടെ ലഭ്യതക്കുറവും, അമിത നിരക്കും വെല്ലുവിളിയാണ്. എങ്കിലും വീടെന്ന സ്വപ്‌നം സഫലമാക്കാന്‍ ഇറങ്ങുന്നവര്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും ഏറ്റവും ലാഭകരമായി വീട് വാങ്ങാന്‍ കഴിയുന്ന ഇടങ്ങള്‍ ഏതെല്ലാമെന്ന് മനസ്സിലാക്കി വെയ്ക്കുന്നത് ഗുണം ചെയ്യും.
ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ 2024-ലെ ഭവനവിലയുടെയും, ശമ്പള ഡാറ്റയുടെ വിവരങ്ങളില്‍ നിന്നുമാണ് ഈ പട്ടിക ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടികയില്‍ മുന്നിലെത്തിയിട്ടുള്ള ഇടങ്ങളിലാണ് ഏറ്റവും താങ്ങാവുന്ന വിലയ്ക്ക് വീട് വാങ്ങാന്‍ കഴിയുക. ശരാശരി ഭവനവിലയുമായി താരതമ്യം ചെയ്ത് എത്ര വര്‍ഷത്തെ ശമ്പളം വീട് വാങ്ങാനായി നല്‍കണമെന്നതാണ് ഇതിന്റെ അടിസ്ഥാനം.
ഇങ്ങനെ നോക്കുമ്പോള്‍ മുന്‍ ഖനന പട്ടണമായ വെയില്‍സിലെ ബ്ലെയ്‌നൗ ഗ്വെന്റാണ് ലാഭത്തില്‍ മുന്നില്‍. 3.75 ശതമാനം മാത്രമാണ് ഇവിടുത്തെ ഭവനവിലയും, ശമ്പളവും തമ്മിലുള്ള അനുപാതം. ശരാശരി ഭവനവില 130,000 പൗണ്ടും, ശരാശരി വരുമാനം 34,635 പൗണ്ടും എന്ന നിലയിലാണ് ഈ കണക്ക്.
ഒട്ടും താങ്ങാന്‍ കഴിയാത്ത ഇടം ആരെയും അത്ഭുതപ്പെടുത്തുന്നില്ല. ലണ്ടനിലെ കെന്‍സിംഗ്ടണ്‍ & ചെല്‍സി ബറോയാണ് ആ ഇടം. 27.09 ശതമാനമാണ് ഇവിടുത്തെ അനുപാതം. 1.2 മില്ല്യണ്‍ പൗണ്ട് ശരാശരി വിലയും, 44,300 പൗണ്ട് ശരാശരി വരുമാനവുമാണ് ഇവിടെയുള്ളത്.
ലാഭകരമായ ഇടങ്ങളുടെ ആദ്യ പത്ത് റാങ്കിംഗ് ഇങ്ങനെയാണ്:
1) ബ്ലെയ്‌നൗ ഗ്വെന്റ് (വെയില്‍സ്): താങ്ങാവുന്ന അനുപാതം 3.75. ശരാശരി വില: 130,000 പൗണ്ട്, ശരാശരി വരുമാനം 34,635 പൗണ്ട്
2) ബേണ്‍ലി (നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്): താങ്ങാവുന്ന അനുപാതം 3.86. ശരാശരി വില: 116,500 പൗണ്ട്, ശരാശരി വരുമാനം 30,216 പൗണ്ട്
3) ബ്ലാക്ക്പൂള്‍ (നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്): താങ്ങാവുന്ന അനുപാതം 3.92. ശരാശരി വില: 133,000 പൗണ്ട്, ശരാശരി വരുമാനം 33,918 പൗണ്ട്
4) ബ്ലാക്ക്‌ബേണ്‍ വിത്ത് ഡാര്‍വെന്‍ (നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്): താങ്ങാവുന്ന അനുപാതം 4.06. ശരാശരി വില: 143,500 പൗണ്ട്, ശരാശരി വരുമാനം 35,310 പൗണ്ട്
5) ഹള്‍ (യോര്‍ക്ക്ഷയര്‍/ഹംബര്‍): താങ്ങാവുന്ന അനുപാതം 4.09. ശരാശരി വില: 135,000 പൗണ്ട്, ശരാശരി വരുമാനം 33,024 പൗണ്ട്
6) കൗണ്ടി ഡുര്‍ഹാം (നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട്): താങ്ങാവുന്ന അനുപാതം 4.14. ശരാശരി വില: 130,000 പൗണ്ട്, ശരാശരി വരുമാനം 31,365 പൗണ്ട്
7) നീത്ത് പോര്‍ട്ട് ടാല്‍ബോട്ട് (വെയില്‍സ്): 4.17- 155,000 പൗണ്ട്- 37,130 പൗണ്ട്
8) സണ്ടര്‍ലാന്‍ഡ് (നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട്): 4.25- 140,000 പൗണ്ട്- 32,923 പൗണ്ട്
9) ഹാര്‍ട്ടില്‍പൂള്‍ (നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട്): 4.25- 140,000 പൗണ്ട്- 32,947 പൗണ്ട്
10) ഹിന്‍ഡ്‌ബേണ്‍ (നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്): 4.29- 130,000 പൗണ്ട്- 30,272 പൗണ്ട്