ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ ഇലക്ട്രിസിറ്റി വിതരണ രംഗത്ത് പുതിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ബ്രിട്ടനെ പല മേഖലകളായി തിരിക്കാനും വ്യത്യസ്ത മേഖലകള്‍ക്ക് വ്യത്യസ്ത വൈദ്യുതി നിരക്കുകള്‍ ഏര്‍പ്പെടുത്താനുമാണ് ആലോചന. എനര്‍ജി സെക്രട്ടറി എഡ് മിലിബാന്‍ഡിന്റെ പരിഗണനയിലാണ് ഇപ്പോള്‍ ഇക്കാര്യം. രാജ്യവ്യാപകമായി ഒരൊറ്റ നിരക്ക് പ്രാബല്യത്തില്‍ വരുന്നതിനു പകരമായി ഓരോ മേഖലയിലും വൈദ്യുതി ഉദ്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും എത്ര ചെലവ് വരുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും പുതിയ നിരക്കുകള്‍.
ഹരിതോര്‍ജ്ജ വക്താക്കള്‍ ഇലക്ട്രിസിറ്റി ഗ്രിഡുകളുടെ ഭാവി നിശ്ചയിക്കുന്നതിന്റെ ഭാഗമായി കാറ്റാടിപ്പാടങ്ങള്‍ക്കും മറ്റ് പാരമ്പര്യേത വൈദ്യുതി സ്രോതസുകള്‍ക്കും സമീപത്ത് താമസിക്കുന്നവര്‍ക്ക്, ബ്രിട്ടന്റെ മറ്റിടങ്ങളില്‍ താമസിക്കുന്നവരെക്കാള്‍ കുറവ് നിരക്ക് നല്‍കിയാല്‍ മതിയാകും. ഇതുവഴി പല കുടുംബങ്ങള്‍ക്കും ഊര്‍ജ്ജ നിരക്കില്‍ ബില്യന്‍ കണക്കിന് പൗണ്ട് ലാഭിക്കാന്‍ കഴിയും എന്നാണ് ഈ നീക്കത്തെ പിന്തുണയ്ക്കുന്ന ഒക്ടോപസ് എനര്‍ജി മേധാവി ഗ്രെഗ് ജാക്ക്സണ്‍ പറയുന്നത്. മേഖലാടിസ്ഥാനത്തിലെ നിരക്ക് ബ്രിട്ടന്‍ സ്വീകരിച്ചാല്‍, 2050 ആകുമ്പോഴേക്കും 55 മുതല്‍ 74 വരെ ബില്യണ്‍ പൗണ്ട് ലാഭിക്കാന്‍ കഴിയുമെന്നാണ് ഇവര്‍ കമ്മീഷന്‍ ചെയ്ത ഒരു പഠനത്തില്‍ തെളിഞ്ഞത്.
മാത്രമല്ല, ബ്രിട്ടന്റെ, മേഖലാടിസ്ഥാനത്തിലുള്ള അസമത്വങ്ങള്‍ പരിഹരിച്ച് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുന്നിടങ്ങളില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവരാന്‍ സഹായിക്കുമെന്നും അവര്‍ പറയുന്നു. ഗ്രാമീണ മേഖലകളില്‍ എ ഐ ഡാറ്റാസെന്ററുകള്‍ സ്ഥാപിച്ച് ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്ന പദ്ധതിയും ചില സാങ്കേതിക വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
എന്നാല്‍, ഈ പദ്ധതി വെറുമൊരു പോസ്റ്റ് കോഡ് ലോട്ടറിയായി മാറുമെന്നും തെക്കന്‍ മേഖലയില്‍ വൈദ്യുതി നിരക്ക് കുത്തനെ ഉയരുമെന്നുമാണ് ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്. മാത്രമല്ല, അതീവ സങ്കീര്‍ണ്ണമായ ഈ പദ്ധതി നടപ്പിലാക്കുന്നത് ഏറെ ക്ലേശകരമായ ഒന്നായിരിക്കുമെന്നും എകോട്രോസിറ്റി സ്ഥാപകന്‍ ഡെയ്ല്‍ വിന്‍സ് പറയുന്നു. മാത്രമല്ല, ഇത് നിക്ഷേപകര്‍ക്കിടയില്‍ കനത്ത അനിശ്ചിതാവസ്ഥ സൃഷ്ടിക്കുമെന്നും അദ്ദേഹം പറയുന്നു. കാര്‍ നിര്‍മ്മാണം, സിറാമിക്സ്, ഓയില്‍ റിഫൈനറികള്‍ തുടങ്ങിയ മേഖലകളില്‍ ഇത് വൈദ്യുതി ചെലവ് കാര്യമായി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
റീവ്യൂ ഓഫ് ഇലക്ട്രിക്കല്‍ മാര്‍ക്കറ്റ് അറേഞ്ച്‌മെന്റ് ഭാഗമായിട്ടാണ് ഇപ്പോള്‍ മേഖലാടിസ്ഥാനത്തിലുള്ള നിരക്ക് നിര്‍ണ്ണയം പരിഗണിക്കുന്നത്. ബ്രിട്ടനെ ഏഴു മുതല്‍ 12 വരെ മേഖലകളായി തിരിച്ച് നിലവില്‍ ഇറ്റലി ഡെന്മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഉള്ളതുപോലെ വ്യത്യസ്ത നിരക്കുകള്‍ കൊണ്ടുവരിക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. ഈ വര്‍ഷം പകുതിയോടെ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും എന്നാണ് കരുതുന്നത്.