യുകെയിലെ പ്രോപ്പര്‍ട്ടി വിപണിയിലേക്ക് ലിസ്റ്റ് ചെയ്യുന്ന വീടുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയ്ക്ക് എത്തുന്ന വീടുകളുടെ എണ്ണത്തില്‍ 11 ശതമാനം വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ സൂപ്ല പറഞ്ഞു. അതായത് ശരാശരി എസ്റ്റേറ്റ് ഏജന്റുമാര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ 29-നെ അപേക്ഷിച്ച് ഇക്കുറി 33 വീടുകള്‍ വില്‍ക്കാന്‍ കൈയിലുണ്ടെന്നാണ് കരുതുന്നത്.
സ്പ്രിംഗ് സീസണില്‍ വിപണിയിലേക്ക് എത്തുന്ന വീടുകളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കും. മാര്‍ച്ചിനും, മേയ് മാസത്തിനും ഇടയിലാണ് ഏകദേശം 30 ശതമാനം ലിസ്റ്റിംഗും സാധാരണയായി വരുന്നത്. ഇത് വീട് വാങ്ങുന്നവര്‍ക്ക് കൂടുതല്‍ ശക്തി പകരുന്ന വാര്‍ത്തായണ്. വിപണിയില്‍ ലഭ്യത കൂടിയതോടെ ഭവനവില വളര്‍ച്ച മെല്ലെയായി മാറിയിട്ടുണ്ട്.
ഫെബ്രുവരിയില്‍ ഭവനവില വളര്‍ച്ചയിലെ വാര്‍ഷിക നിരക്ക് 1.8 ശതമാനത്തിലേക്ക് താഴ്ന്നു. ജനുവരിയില്‍ ഇത് 1.9 ശതമാനമായിരുന്നു. വിപണിയില്‍ കൂടുതല്‍ വീടുകള്‍ എത്തുന്നതിനാല്‍ വരും മാസങ്ങളില്‍ ഇത് വീണ്ടും താഴുമെന്നാണ് സൂപ്ല പറയുന്നത്. കൂടാതെ സ്റ്റാമ്പ് ഡ്യൂട്ടി ചെലവുകളും ഇതിലേക്ക് സംഭാവന നല്‍കും.
ഏപ്രില്‍ 1 മുതല്‍ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടാത്ത പരിധി 250,000 പൗണ്ടില്‍ നിന്നും 125,000 പൗണ്ടിലേക്കാണ് താഴുക. 2022-ല്‍ പ്രഖ്യാപിച്ച താല്‍ക്കാലിക ഇളവാണ് അവസാനിക്കുന്നത്. ആദ്യത്തെ വീട് വാങ്ങുന്നവരുടെ ഈ പരിധി 425,000 പൗണ്ടില്‍ നിന്നും 300,000 പൗണ്ടിലേക്കാണ് താഴുക.
ഏപ്രില്‍ 1 മുതല്‍ കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധിക്കുന്നതും വീടുകള്‍ വില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്. യുകെയിലെ 150-ഓളം കൗണ്‍സിലുകള്‍ രണ്ടാമത്തെ വീടുകള്‍ക്ക് കൗണ്‍സില്‍ ടാക്‌സ് ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്.