ലണ്ടന്‍: ഈ വര്‍ഷത്തെ സമ്മര്‍ ടൈം നാളെ പുലര്‍ച്ചെ ആരംഭിക്കുമ്പോള്‍ രാത്രി കിടക്കുന്നതിനു മുമ്പ് ക്ലോക്ക് ഒരു മണിക്കൂര്‍ മുന്‍പോട്ട് വയ്ക്കുക. നിങ്ങളുടെ ഒരു മണിക്കൂര്‍ നഷ്ടപ്പെടാതിരിക്കാന്‍ കിടക്കുന്നതിന് മുന്‍പ് ഒരു മണിക്കൂര്‍ ക്ലോക്ക് മുന്‍പോട്ട് വയ്ക്കുന്നതാണ് നല്ലത്. കാര്‍ഷിക മേഖലയില്‍ ഉദ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സൂര്യപ്രകാശം പാഴാകാതിരിക്കുന്നതിനാണ് 1916 ല്‍ സമയമാറ്റം എന്ന ആശയം കൊണ്ടുവന്നത്.
വേനല്‍ക്കാല മാസങ്ങളില്‍ ഒരു മണിക്കൂര്‍ അധികം ലഭിക്കുന്ന സൂര്യപ്രകാശം ഇതുവഴി ഉപയോഗപ്രദമാക്കാന്‍ കഴിയും. ജനങ്ങള്‍ പകല്‍വെളിച്ചം പാഴാക്കാതിരിക്കുന്നതിനും, ഊര്‍ജ്ജം ലാഭിക്കുന്നതിനും ഇതുവഴി സാധിക്കുമെന്ന് തിരിച്ചറിഞ്ഞ് 1907 ല്‍ ബ്രിട്ടീഷ് ബില്‍ഡറായിരുന്ന വില്യം വില്ലെറ്റ് ആണ് ഇത്തരത്തില്‍ ഒരു സമയമാറ്റത്തിനായി ആദ്യമായി ആവശ്യം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ നിരന്തര പ്രചാരണം കൂടി ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
ക്ലോക്കിലെ സമയം മുന്‍പോട്ട് ആക്കുന്നതിലൂടെ ദൈര്‍ഘ്യമേറിയ പകലുകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താം എന്ന മേന്മ ഉണ്ടെങ്കിലും, ഉറക്കത്തിന്റെ കാര്യത്തില്‍ ഉള്‍പ്പടെ തിരിച്ചടികളും ഇതിനുണ്ട്.