അടുത്ത ആഴ്ച മുതല്‍ ബ്രിട്ടനിലെ കുടുംബങ്ങള്‍ക്ക് നേരിടേണ്ടത് 1000 പൗണ്ടോളം വരുന്ന അധിക ബാധ്യത. ലേബര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച ടാക്‌സ് വേട്ടയും, പണപ്പെരുപ്പത്തെ മറികടന്ന് ഉയരുന്ന ബില്ലുകളും ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരുന്നതോടെയാണ് ഈ ആഘാതം അഭിമുഖീകരിക്കുന്നത്.
കൗണ്‍സില്‍ ടാക്‌സ്, വാട്ടര്‍, എനര്‍ജി റേറ്റുകള്‍ ഉള്‍പ്പെടെ പലവിധ ബില്ലുകളും വര്‍ദ്ധിപ്പിക്കുന്നത് ഏപ്രില്‍ മാസത്തിലാണ്. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പ്രഖ്യാപിച്ച എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനയും 25 ബില്ല്യണ്‍ പൗണ്ട് സ്വരൂപിക്കാനായി നിലവിലെത്തും. ഇതോടെ കുറഞ്ഞ വരുമാനവും, ഉയര്‍ന്ന വിലയുമായി ഇത് ജനങ്ങളെ തന്നെ തിരിഞ്ഞുകൊത്തും.
ജനങ്ങളുടെ പോക്കറ്റില്‍ കൂടുതല്‍ പണം എത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത ലേബര്‍ ഗവണ്‍മെന്റ് കൂടുതല്‍ പോക്കറ്റടിക്കുന്ന അവസ്ഥയാണ് കാണുന്നത്. ഇതെല്ലാം ചേരുമ്പോള്‍ ഈ വര്‍ഷത്തേക്ക് വെട്ടിച്ചുരുക്കിയ 1 ശതമാനം വളര്‍ച്ചാ നിരക്കും കൈവരിക്കാന്‍ കഴിയുമെന്ന് ഉറപ്പില്ല. ഈയൊരു അവസ്ഥ ഉണ്ടായാല്‍ കൂടുതല്‍ നികുതി വര്‍ദ്ധനവുകളും, ചെലവ് ചുരുക്കലുമായി റീവ്‌സ് വീണ്ടും വേട്ടയ്ക്ക് ഇറങ്ങുമെന്നാണ് ആശങ്ക.
ലേബര്‍ ഗവണ്‍മെന്റ് ബ്രിട്ടനിലെ ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ വിഡ്ഢികളാക്കുകയാണെന്ന് ടോറി നേതാവ് കെമി ബാഡെനോക് പ്രതികരിച്ചു. റെക്കോര്‍ഡ് നികുതി, ഉയരുന്ന തൊഴിലില്ലായ്മ, ഉയര്‍ന്ന പണപ്പെരുപ്പം, പൂജ്യം വളര്‍ച്ച, ഇതാണ് ലേബറിന്റെ നേതൃത്വത്തില്‍ നടക്കുന്നത്, അവര്‍ കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന മാത്രം കുടുംബ ബജറ്റുകളില്‍ നിന്നും 565 പൗണ്ട് കവരുമെന്നാണ് സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് & ബിസിനസ്സ് റിസേര്‍ച്ച് കണക്കാക്കുന്നത്. കൗണ്‍സില്‍ ടാക്‌സുകള്‍ ശരാശരി 90 പൗണ്ട് വരെ വര്‍ദ്ധിക്കുമ്പോള്‍ വാട്ടര്‍ ബില്ലുകള്‍ 123 പൗണ്ടെങ്കിലും കൂട്ടിച്ചേര്‍ക്കപ്പെടും.
കൂടുതല്‍ പേര്‍ നികുതിയുടെ വലയിലേക്ക് വരും. മാത്രമല്ല, ഒരു ലക്ഷം പൗണ്ടില്‍ അധികം വരുമാനമുള്ളവര്‍ക്ക് ടാക്സ് ഫ്രീ പേഴ്സണല്‍ അലവന്‍സും ഇല്ലാതെയാകുന്നതോടെ ഏകദേശം 60 ശതമാനം നിരക്കില്‍ നികുതി നല്‍കേണ്ടതായി വരും. 12,570 പൗണ്ട് വരെയുള്ള വരുമാനത്തിന് നികുതി നല്‍കേണ്ടതില്ല. ഇതിനെയാണ് പേഴ്സണല്‍ അലവന്‍സ് എന്ന് പറയുന്നത്.
12,571 പൗണ്ട് മുതല്‍ 50,270 പൗണ്ട് വരെ വരുമാനമുള്ളവര്‍ 20 ശതമാനം വരുമാന നികുതി നല്‍കണം. 50,271 പൗണ്ട് മുതല്‍ 1,25,140 പൗണ്ട് വരെയുള്ള വരുമാനത്തിന് 40 ശതമാനം നിരക്കിലും അതിനു മുകളിലുള്ളതിന് 45 ശതമാനം നിരക്കിലുമാണ് നികുതി നല്‍കേണ്ടത്. ഓരോ ടാക്സ് ബാന്‍ഡിലും എത്രമാത്രം വരുമാനം വരുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും, നിങ്ങള്‍ നല്‍കേണ്ട വരുമാന നികുതി കണക്കാക്കുക. ഉദാഹരണത്തിന്, നിങ്ങള്‍ പ്രതിവര്‍ഷം 52,000 പൗണ്ട് വരുമാനമുള്ള വ്യക്തിയാണെങ്കില്‍, 12,570 പൗണ്ട് വരെയുള്ള തുകക്ക് നിങ്ങള്‍ നികുതി നല്‍കേണ്ടതില്ല. മിച്ചമുള്ള 37,700 പൗണ്ടിന് 20 ശതമാനം നിരക്കില്‍ നികുതി നല്‍കണം.
കാരണം 50,270 പൗണ്ട് വരെ 20 ശതമാനമാണ് നികുതി നിരക്ക്. അതിനു മുകളിലുള്ള 1,730 പൗണ്ടിന് 40 ശതമാനം നിരക്കിലും നികുതി നല്‍കണം. എന്നാല്‍, ഒരു ലക്ഷം പൗണ്ടിന് മേല്‍ വരുമാനമുള്ളവര്‍ക്ക് പേഴ്സണല്‍ ടാക്സ് ബെനഫിറ്റിന് അര്‍ഹതയില്ല. അതുകൊണ്ടു തന്നെ ഒരു ലക്ഷം മുതല്‍ 1,25,140 പൗണ്ട് വരെ വരുമാനമുള്ളവര്‍ക്ക് അവര്‍ സമ്പാദിക്കുന്ന ആദ്യ ഒരു പൗണ്ട് മുതല്‍ നികുതി നല്‍കേണ്ടതായി വരും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നികുതി നിരക്ക് 40 ശതമാനമാണെങ്കിലും ഫലത്തില്‍ അത് 60 ശതമാനം വരെയായി ഉയരുമെന്നര്‍ത്ഥം.
കഴിഞ്ഞയാഴ്ചയായിരുന്നു ഏകദേശം അഞ്ചു ബില്യണ്‍ പൗണ്ടിന്റെ ക്ഷേമപദ്ധതികള്‍ ചാന്‍സലര്‍ വെട്ടിക്കുറച്ചത്.