എഡിറ്റ് ചെയ്തത് 2 മിനിറ്റ്, 'റീഎഡിറ്റഡ് എമ്പുരാന്‍' ഇന്നുതന്നെ- ആന്റണി പെരുമ്പാവൂര്‍
കൊച്ചി: വിവാദത്തെത്തുടര്‍ന്നു എമ്പുരാനില്‍നിന്ന് മുറിച്ചു മാറ്റിയത് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ മാത്രമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ചിത്രത്തിന്റെ റീ എഡിറ്റഡ് വേര്‍ഷന്‍ ഇന്ന് തന്നെ തീയേറ്ററുകളില്‍ എത്തിക്കാനാണ് ശ്രമം. ആഗോള തലത്തില്‍ 200 കോടി കളക്ഷന്‍ വന്നിട്ടുണ്ട്. ഇതൊന്നും വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും മുരളി ഗോപി പ്രതികരിക്കാത്തതിനേക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം ന്യൂസ് ചാനലിനോട് പ്രതികരിച്ചു.
ചിത്രത്തിന്റെ എഡിറ്റിങ് വര്‍ക്ക് നടന്നുകൊണ്ടിരിക്കുന്നതേയുള്ളു. ഒരുപാട് സമയം എഡിറ്റ് ചെയ്ത് നീക്കുന്നില്ല. രണ്ട് മിനിറ്റ് മാത്രമാണ് എഡിറ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. റീ എഡിറ്റഡ് വേര്‍ഷന്‍ ഇന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സാങ്കേതികമായ പ്രവര്‍ത്തനമാണല്ലോ? പെട്ടന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ലല്ലോ. ഇത് വലിയ വിവാദമായി മാറേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം കഴിഞ്ഞുവെന്നും സിനിമ എല്ലാവരും തീയേറ്ററില്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും മോഹന്‍ലാല്‍ ചിത്രം കണ്ടില്ല എന്ന ആരോപണമുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. വിവാദം തിരിച്ചടിയാണെന്ന് കരുതുന്നില്ല. ഇതിനെ പോസിറ്റീവായി എടുത്താല്‍ മതി. ഇതൊരു സിനിമയാണ്. സിനിമയെ സിനിമയായി കാണണം. പ്രശ്‌നങ്ങള്‍ അവസാനിച്ചല്ലോ എന്നും അദ്ദേഹം പറഞ്ഞു.
നിര്‍മാതാക്കളുടെ ആവശ്യപ്രകാരം പതിനേഴിലേറെ ഭാഗങ്ങളിലാണ് മാറ്റങ്ങള്‍ വരുത്തുന്നത്.
വോളന്ററി മോഡിഫിക്കേഷന് നിര്‍മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കുകയായിരുന്നു. ചില രംഗങ്ങളും പരാമര്‍ശങ്ങളും ഒഴിവാക്കും.
ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യും. ഗുജറാത്ത് കലാപ ദൃശ്യങ്ങളിലും സ്ത്രീകള്‍ക്കെതിരായ ആക്രമണ ദൃശ്യങ്ങളിലുമാണ് മാറ്റം വരുത്തുന്നത്. വില്ലന്‍ കഥാപാത്രത്തിന്റെ പേര് മാറ്റും. ബജ്‌റംഗി എന്നാണ് വില്ലന്‍ കഥാപാത്രത്തിന്റെ പേര്. ദേശീയ അന്വേഷണ ഏജന്‍സിയുമായി ബന്ധപ്പെട്ട ഭാഗങ്ങളിലും മ്യൂട്ട് വരും.
എമ്പുരാന്‍ സിനിമയിലെ സംഘപരിവാര്‍ വിമര്‍ശനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സംഘപരിവാര്‍ സംഘടനകള്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന സിനിമയ്ക്ക് ഇടതുപക്ഷ, കോണ്‍ഗ്രസ് അനുഭാവികള്‍ വലിയ പിന്തുണയും നല്‍കുന്നുണ്ട്.
സിനിമയില്‍ മാറ്റം വരുത്താന്‍ താന്‍ പൃഥ്വിരാജിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലന്‍ പ്രതികരിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ആയിരുന്നു ഗോകുലം ഗോപാലന്‍ പ്രതികരിച്ചത്.
അതിനിടെ ചിത്രം ബോക്സ്ഓഫീസില്‍ പണം വാരുകയാണ്. കേരള ബോക്സ്ഓഫീസില്‍ നിന്ന് മാത്രം അഞ്ചില്‍ താഴെ ദിവസം കൊണ്ട് 50 കോടിയും ആഗോള തലത്തില്‍ 200 കോടിയും ചിത്രം വാരി.