മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന കലക്‌ഷന്‍ നേടുന്ന മലയാള സിനിമയായി മാറി 'എമ്പുരാന്‍'. മഞ്ഞുമ്മല്‍ ബോയ്സിന്റെ നേട്ടം പിന്തള്ളിയാണ് മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി എമ്പുരാന്‍ മാറിയത്. സിനിമയുടെ അണിയറക്കാര്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
മഞ്ഞുമ്മല്‍ ബോയ്സ് 72 ദിവസം കൊണ്ടു നേടിയെടുത്ത കലക്‌ഷനാണ് വെറും പത്ത് ദിവസം കൊണ്ട് എമ്പുരാന്‍ തകര്‍ത്തെറിഞ്ഞത്. ചിത്രത്തിന്റെ നിര്‍മാതാവിനു കിട്ടുന്ന ഷെയര്‍ തുക 100 കോടി പിന്നിട്ടു കഴിഞ്ഞുവെന്നും അണിയറക്കാര്‍ വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഒരു സിനിമയ്ക്കു 100 കോടി ഷെയര്‍ ലഭിക്കുന്നതെന്നും അണിയറക്കാര്‍ പറയുന്നു. സിനിമയുടെ ആഗോള ഷെയര്‍ കലക്‌ഷനാണിത്.
മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ 242 കോടി രൂപയോളമാണ് നേടിയത്. അതേസമയം എമ്പുരാന്റെ ആഗോള ഗ്രോസ് കലക്‌ഷന്‍ 250 കോടി പിന്നിട്ടു. ഇന്ത്യയില്‍ കേരളത്തിനു പുറത്തുനിന്നും 30 കോടിയാണ് സിനിമ വാരിയത്. കേരളത്തില്‍ നിന്നും ചിത്രം 50 കോടി കഴിഞ്ഞ ദിവസം പിന്നിട്ടിരുന്നു. മഞ്ഞുമ്മല്‍ ബോയ്സിനെ വീഴ്ത്തി എമ്പുരാന്‍ വിദേശത്ത് ഒന്നാമതെത്തി. ആദ്യദിനം 67 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. രണ്ടു ദിവസം കൊണ്ട് 100 കോടി പിന്നിട്ടിരുന്നു.