നാട്ടുവാര്‍ത്തകള്‍

സിപിഎമ്മിനെ നയിക്കാന്‍ എം.എ. ബേബി: ഇംഎംഎസിന് ശേഷം കേരളത്തില്‍നിന്നുള്ള ജനറല്‍ സെക്രട്ടറി

മധുര: സിപിഎമ്മിനെ നയിക്കാന്‍ നീണ്ട ഇടവേളയ്ക്കു ശേഷം ഒരു മലയാളി. എംഎ ബേബിക്കിതു ചരിത്ര നിയോഗം. എംഎ ബേബിയെ സിപിഎം ജനറല്‍ സെക്രട്ടറിയ്ക്കാനുള്ള ശുപാര്‍ശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു. പുതിയ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പുണ്ടായില്ല. ബംഗാള്‍ ഘടകം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. ഇഎംഎസിനുശേഷം ജനറല്‍ സെക്രട്ടറിയാകുന്ന മലയാളിയാണ് എംഎ ബേബി.

ഞായറാഴ്ച രാവിലെ ചേര്‍ന്ന പിബി യോഗത്തിലാണ് എംഎ ബേബിയുടെ പേര് അന്തിമമായി അംഗീകരിച്ചത്. കേന്ദ്ര കമ്മിറ്റി യോഗത്തില്‍ എംഎ ബേബിയുടെ പേര് അംഗീകരിച്ചശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള എട്ട് പേരാണ് എം എ ബേബിയെ പിബിയില്‍ നിന്ന് അനുകൂലിച്ചത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള 5 പിബി അംഗങ്ങള്‍ എതിര്‍ക്കുകയും ചെയ്തു.

പാര്‍ട്ടിയുടെ സാംസ്‌കാരിക ദാര്‍ശനിക മുഖമാണ് എം എ ബേബി. കൊല്ലം എസ് എന്‍ കൊളജില്‍ നിന്ന് തുടങ്ങിയ സംഘടനാ പ്രവര്‍ത്തനം ഇന്ന് അദ്ദേഹത്തെ ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അമരക്കാരന്‍ ആക്കിയിരിക്കുകയാണ്. സീതാറാം യെച്ചൂരിയുടെ പിന്‍ഗാമിയായിട്ടാണ് എംഎ ബേബി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. രാവിലെ സമ്മേളന നഗരിയിലേക്ക് പുറപ്പെടാനിറങ്ങിയ എംഎ ബേബിയെ അഭിനന്ദിക്കാനും ഒപ്പം നിന്ന് ചിത്രമെടുക്കാനും പാര്‍ട്ടി പ്രവര്‍ത്തകരെത്തിയിരുന്നു.

എസ്എഫ്‌ഐയുടെ പൂര്‍വരൂപമായ കെഎസ്എഫിലൂടെ ആയിരുന്നു ബേബിയുടെ രാഷ്ട്രീയപ്രവേശനം. 1975-ല്‍ എസ്എഫ്‌ഐയുടെ സംസ്ഥാന പ്രസിഡന്റായി. 1979ല്‍ എസ്എഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1984ല്‍ സിപിഎം കേരള സംസ്ഥാന കമ്മിറ്റിയംഗമായ ബേബി 1986ല്‍ രാജ്യസഭാംഗമായി. ആ സമയത്ത് രാജ്യസഭയില്‍ ഏറ്റവും പ്രായംകുറഞ്ഞ അംഗങ്ങളില്‍ ഒരാളായിരുന്നു എം എ ബേബി. 1998വരെ രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചു.
1987ല്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായും 1989ല്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായും അദ്ദേഹം നിയമിക്കപ്പെട്ടു. 2006ല്‍ കേരള സംസ്ഥാന നിയമസഭാംഗമായ എം എ ബേബി ആ വര്‍ഷം തന്നെ സംസ്ഥാന വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പു മന്ത്രിയായി ചുമതലയേറ്റു. 2012ല്‍ സിപിഎം പൊളിറ്റ് ബ്യൂറോയിലെത്തി. 2014-ല്‍ കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് മത്സരിച്ചെങ്കിലും ആര്‍എസ്പിയുടെ എന്‍.കെ. പ്രേമചന്ദ്രനോട് പരാജയപ്പെട്ടു.

കേന്ദ്രകമ്മിറ്റിയിലേക്ക് പിണറായിക്കും കോടിയേരിക്കും മുന്നേ എത്തിയ എംഎ ബേബി പക്ഷേ പോളിറ്റ് ബ്യൂറോയിലേക്ക് എത്തിയത് ഇരുവര്‍ക്കും ശേഷം കാലതാമസമെടുത്താണ്. കോയമ്പത്തൂരിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പിബിയിലെത്താന്‍ എംഎ ബേബിയ്ക്ക് സാധ്യത കല്‍പ്പിച്ചിരുന്നെങ്കിലും വിഎസിന്റെ എതിര്‍പ്പ് ബേബിയ്ക്ക് തിരിച്ചടിയായി. പിന്നീട് 2012ല്‍ പിബിയിലേക്ക് എംഎ ബേബിയെത്തിയത് വി എസ് അച്യുതാനന്ദന്റെ ഒഴിവിലാണെന്നതും ചരിത്രമാണ്.

സീതാറാം യെച്ചൂരിക്ക് പിന്‍ഗാമിയായി എംഎ ബേബി വരുന്നതും ഒരു കാവ്യനീതിയാണ്. ഒന്നിച്ച് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ തലപ്പത്ത് പ്രവര്‍ത്തിച്ച രണ്ടുപേരാണ് സീതാറാം യെച്ചൂരിയും എംഎ ബേബിയും. ആദ്യ കാലത്ത് ബേബിയുടെ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സീതാറാം യെച്ചൂരിയാണ് ബേബിയെ മറികടന്ന് പാര്‍ട്ടി തലപ്പത്തേക്ക് ആദ്യമെത്തിയതെന്ന് മാത്രം. യെച്ചൂരിയുടെ കയ്യില്‍ നിന്ന് ചെങ്കൊടിയേറ്റ് വാങ്ങി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകാന്‍ കഴിയാത്തതാകും സഖാവ് ബേബിയ്ക്ക് ഒരു നഷ്ടമായി തോന്നിയിട്ടുണ്ടാവുക. പാര്‍ട്ടിയുടെ ബുദ്ധിജീവിയെന്ന് വിളിപ്പേരുള്ള എംഎ ബേബി പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയുടെ പല ഉപസമിതികളുടേയും ചുമതലക്കാരനായിരുന്നു കഴിഞ്ഞ കുറിയെല്ലാം. ഇപ്പോള്‍ ദേശീയ തലത്തില്‍ പാര്‍ട്ടിയെ നയിക്കാനും സിപിഎമ്മിന്റെ ആദ്യ പേരുകാരനാകാനും പാര്‍ട്ടി തീരുമാനമുണ്ടായത് ഒരു പിറന്നാള്‍ മധുരം കൂടിയാണ് സഖാവ് എംഎ ബേബിയ്ക്ക്. ഏപ്രില്‍ അഞ്ചിന് 71 വയസ് തികഞ്ഞ എംഎ ബേബിയ്ക്ക് ഏപ്രില്‍ ആറിന്റെ പാര്‍ട്ടി പ്രഖ്യാപനം ജന്മദിന സമ്മാനം കൂടിയാണ്.

  • പണം കൊടുത്താണ് സ്വര്‍ണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവര്‍ധന്‍, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടികള്‍ കൈമാറിയെന്ന് മൊഴി
  • നടന്നത് ലൈംഗിക സ്വഭാവത്തോടെയുള്ള കുറ്റകരമായ ബലപ്രയോഗം; പി ടി കുഞ്ഞുമുഹമ്മദിനെതിരെ ഗുരുതര കണ്ടെത്തലുമായി പൊലീസ്
  • പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു; വൈകാരിക കുറിപ്പുമായി അതിജീവിത
  • ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍
  • നാണം കെട്ടു; പോറ്റിയെ കേറ്റിയേ... പാരഡി ഗാനത്തില്‍ യൂ ടേണടിച്ച് സര്‍ക്കാര്‍; പുതിയ കേസും തുടര്‍നടപടികളും വേണ്ടെന്ന് പൊലീസിന് നിര്‍ദേശം
  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions