നടിയെ ആക്രമിച്ച കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടന്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. നാലുവര്‍ഷം മുമ്പാണ് ദലീപ് ഹര്‍ജി നല്‍കിയത്.
കേസിലെ 8-ാം പ്രതിയാണ് ദിലീപ്. മുഖ്യപ്രതി പള്‍സര്‍ സുനി 7 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം അടുത്തിടെയാണ് പള്‍സര്‍സുനി ജാമ്യം നേടി പുറത്തുവന്നത്. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണെന്നും, പ്രോസിക്യൂഷന്‍ വാദം അവസാനിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. സിബിഐ അന്വേഷണം കഴിഞ്ഞ ആറ് വര്‍ഷമായി ഉന്നയിച്ചില്ലെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തിയിരുന്നു.
കേസില്‍ സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ അന്വേഷണം അനിവാര്യമെന്നാണ് ദിലീപിന്റെ വാദം. ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയുള്ള അപ്പീലില്‍ ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, പി.കൃഷ്ണകുമാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് അന്തിമവാദം കേട്ടത്. നടിയെ തട്ടിക്കൊണ്ടുപോയ കേസ് ദിലീപ് ഒന്നരക്കോടിക്ക് നല്‍കിയ ക്വട്ടേഷന്‍ ആയിരുന്നെന്ന് ജാമ്യത്തില്‍ ഇറങ്ങിയ പള്‍സര്‍ സുനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതില്‍ 80 ലക്ഷം ഇനിയും തരാനുണ്ടെന്നും പറഞ്ഞു.
ദിലീപിന്റെ കുടുംബം തകര്‍ത്തതിലുള്ള വൈരാഗ്യമാണ് നടിയെ ആക്രമിച്ചതിന് പിന്നിലെന്നും ബലാത്സംഗം ചെയ്ത് വീഡിയോ പകര്‍ത്താനായിരുന്നു നിര്‍ദേശമെന്നും പറഞ്ഞു. താന്‍ നടിയെ തട്ടിക്കൊണ്ടു പോകുമ്പോള്‍ ദിലീപിന്റെ നിരീക്ഷണത്തില്‍ ആയിരുന്നെന്നും പറഞ്ഞു. ദൃശ്യങ്ങളടങ്ങിയ ഫോണിപ്പോള്‍ തന്റെ കയ്യിലുണ്ടെന്നും എന്നാല്‍ അത് എവിടെയാണെന്ന് പറയാനാകില്ലെന്നുമാണ് പള്‍സര്‍ സുനി പറഞ്ഞത്.